കുടുംബത്തെ പെരുവഴിയിലാക്കി ബാങ്ക് ജപ്തി; വീട് തിരിച്ചുനല്‍കുമെന്ന് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 11:46 AM  |  

Last Updated: 01st November 2022 11:46 AM  |   A+A-   |  

vasavan

വിഎന്‍ വാസവന്‍ മാധ്യമങ്ങളെ കാണുന്നു

 

തൃശൂര്‍: മുണ്ടൂരില്‍ തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക്  ജപ്തി ചെയ്ത വീട് തിരിച്ചുനല്‍കുമെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍. റിസ്‌ക് ഫണ്ടില്‍ നിന്ന് ആവശ്യമായ പണം നല്‍കും. ഇതിനായി സഹകരണ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും ജപ്തി കോടതി ഉത്തരവുപ്രകാരമെന്നും സഹകരണമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'യഥാര്‍ഥത്തില്‍ അത് കോടതി ഉത്തരവിനെ തുടര്‍ന്നാണ്. കോടതി ഉത്തരവാണെങ്കില്‍ പോലും ചെറിയ തുണ്ടം ഭൂമി ജപ്തി ചെയ്യുമ്പോള്‍ പുതിയ ഷെല്‍ട്ടര്‍ ഉണ്ടാക്കിയേ അത് ചെയ്യാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ജോയിന്റ് രജിസ്‌ട്രൊറെ അവിടെക്ക് പറഞ്ഞയച്ചിട്ടുണ്ട്. പാവങ്ങളാണെങ്കില്‍ ജപ്തി ചെയ്ത സ്ഥലവും വീടും തിരിച്ചുകൊടുക്കും. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും'- മന്ത്രി പറഞ്ഞു

ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തെ പെരുവഴിയിലാക്കിയായിരുന്നു വീട് ജപ്തി ചെയ്ത് തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ നടപടി. മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരെ വീടിനു പുറത്താക്കിയാണ് ബാങ്ക് ഭരണസമിതി വീട് ജപ്തി ചെയ്തത്.  ഇന്നലെവൈകിട്ട് മൂന്നു മണിയോടെയാണ് ബാങ്ക് വീട് പൂട്ടി പോയത്. ഉടുതുണിയും ഭക്ഷണ സാധനങ്ങളും അടക്കം വീടിനുള്ളിലാക്കി സീല്‍ ചെയ്യുകയായിരുന്നു.

അച്ഛന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കുവേണ്ടിയാണു ഒന്നരലക്ഷം രൂപ കടമെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശയുള്‍പ്പെടെ അഞ്ചു ലക്ഷം രൂപ തിരിച്ചടിക്കാനുണ്ടെന്ന് അറിയിച്ച്  ബാങ്ക് ജപ്തി ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ക്ലാസ് റൂമിലേക്ക് കയറുന്നതിനിടെ ഏഴാം ക്ലാസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ