പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് പിന്‍വലിക്കണം; ഡിവൈഎഫ്‌ഐ

കേരളത്തിലെ ഉദ്യോഗാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നകാര്യമാണിതെന്നും സര്‍ക്കാരിന്റെ ഈ നിലപാട് യുവജനവിരുദ്ധമാണെന്നും സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. 
ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണുന്നു
ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കിയ ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ. കേരളത്തിലെ ഉദ്യോഗാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നകാര്യമാണിതെന്നും സര്‍ക്കാരിന്റെ ഈ നിലപാട് യുവജനവിരുദ്ധമാണെന്നും സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. 

'പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ധനവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്. സേവന, വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് വിയോജിപ്പില്ല. പക്ഷേ, പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കണം. ഇത് കേരളത്തിലെ ഉദ്യോഗാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്'-  സനോജ് പറഞ്ഞു.

'തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ, ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ജോലി തേടുന്നത്. അതുകൊണ്ടുതന്നെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച തീരുമാനം യുവജനവിരുദ്ധമായിട്ടേ വരൂ. പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്. പെന്‍ഷന്‍ പ്രായം സംബന്ധിച്ച് ഡിവൈഎഫ്‌ഐയ്ക്ക് ഒരു പ്രഖ്യാപിത നിലപാടുണ്ട്. രാജ്യത്ത് പലയിടത്തും പെന്‍ഷന്‍ പ്രായം 60 വയസ്സാണ്. പക്ഷേ, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തുന്നത് ആലോചിക്കാന്‍ കഴിയുന്നതല്ല. കാരണം അത്രമാത്രം ഉദ്യോഗാര്‍ഥികള്‍ അവസരം കാത്ത് പുറത്തുനില്‍ക്കുകയാണ്' -  സനോജ് പറഞ്ഞു.

122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ ഒഴികെ പുതിയ ഉത്തരവ് ബാധക മാവുകയാണ്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ പറഞ്ഞു. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനവേതന ഘടനകള്‍ പരിഷ്‌കരിച്ച് ഏകീകരിക്കാന്‍ 2017 ല്‍ റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) ചെയര്‍മാന്‍ അധ്യക്ഷനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com