എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍; അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 07:05 AM  |  

Last Updated: 01st November 2022 07:06 AM  |   A+A-   |  

eldhose kunnappilly

എല്‍ദോസ് കുന്നപ്പിള്ളി/ഫയല്‍ ചിത്രം

 

കൊച്ചി: ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന്  പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എല്‍ദോസിന്  മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

അന്വേഷണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. ഈ ഘട്ടത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. 

എല്‍ദോസിന്  മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി എല്‍ദോസ് കുന്നപ്പിള്ളിക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടിയിരുന്നു. 

ദീര്‍ഘകാലത്തെ ബന്ധത്തിനിടയില്‍ യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. ഇതിനിടെ എല്‍ദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി  പൊലീസ് പ്രതി ചേര്‍ത്തിരുന്നു. മൂന്ന് അഭിഭാഷകരെയും  ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. 

അഡ്വ. അലക്‌സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ്,  ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ രാഗം രാധാകൃഷ്ണന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. അഭിഭാഷകരുടെ ഓഫീസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരെ കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്തത്.


ഈ വാര്‍ത്ത കൂടി വായിക്കൂ 

വടക്ക് കിഴക്കൻ കാറ്റ് ശക്തമാകുന്നു; തുലാവര്‍ഷത്തിനൊപ്പം ചക്രവാതച്ചുഴിയും; ഇന്ന് മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ