'എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെ'ന്ന് ഷാരോണ്‍, വാക്കുതർക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 12:55 PM  |  

Last Updated: 01st November 2022 01:02 PM  |   A+A-   |  

sharon_and_greeshma

ഗ്രീഷ്മ, ഷാരോണ്‍ / ഫയല്‍

 

തിരുവനന്തപുരം: ഷാരോണിനെ  ഒഴിവാക്കാന്‍ അവസാന കൂടിക്കാഴ്ചയിലും ഗ്രീഷ്മ ശ്രമിച്ചിരുന്നുവെന്ന് പൊലീസ്. ഫെബ്രുവരിയില്‍ ഗ്രീഷ്മയ്ക്ക് കല്യാണാലോചന വന്നപ്പോള്‍ മുതലാണ് ഷാരോണുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയത്. നിശ്ചയച്ചടങ്ങിനു ശേഷം പല തവണ പല കാര്യങ്ങള്‍ പറഞ്ഞ് ഷാരോണിനെ അകറ്റാന്‍ ശ്രമിച്ചു. രണ്ട് സമുദായമാണെന്നും വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നുമാണ് എപ്പോഴും പറഞ്ഞിരുന്നത്. എന്നാല്‍ ഷാരോണ്‍ ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. 

തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ വിഷം നല്‍കുന്നതിന് തൊട്ടുമുമ്പും തുറന്നു പറഞ്ഞു. അപ്പോൾ 'എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെ'ന്ന് ഷാരോണ്‍ മറുപടി നല്‍കിയെന്ന് ​ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടർന്ന് ഗ്രീഷ്മ തന്ത്രപൂര്‍വം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു. 

പിന്നീട് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. താന്‍ വയറുവേദനയ്ക്ക് കഴിക്കുന്ന കഷായമാണെന്നും,  മുഴുവന്‍ കുടിക്കണമെന്നും വാശി പിടിച്ചു. പിന്നാലെ അരുചി മാറ്റാനെന്ന പേരില്‍ മാങ്ങാ ജ്യൂസും കൊടുത്തു. ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് വിഷം നല്‍കിയതെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്. 

താലികെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഭയന്നു. ഇവ വേണമെന്ന് ഷാരോണിനോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇവ നശിപ്പിക്കണമെന്ന ആവശ്യവും അം​ഗീകരിച്ചില്ല. ഇതോടെയാണ് വൈരാഗ്യമുണ്ടായതും വിഷം നല്‍കാന്‍ തീരുമാനിച്ചതുമെന്നും ​ഗ്രീഷ്മ വെളിപ്പെടുത്തി. 

തെളിവ് നശിപ്പിക്കാന്‍ ആസൂത്രിത നീക്കം നടത്തി

ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മ ആസൂത്രിത നീക്കമാണ് നടത്തിയത്. ഇതിന്റെ ഭാഗമായി എസ് ഐയെ ഫോണില്‍ വിളിച്ച് ​ഗ്രീഷ്മ ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പറഞ്ഞു. കൊലപാതകത്തിനും അതിനു ശേഷം തെ‌ളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമ്മൽ കുമാറിന്റെയും സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തി.  

ഷാരോണിനു കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ  ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്ന് പൊലീസ് പറയുന്നു. ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെടുത്തുന്നതിനു തൊട്ടുമുൻപ് ഇരുവരും പുറത്തുപോയി. പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ എന്തു പറയണമെന്ന് ​ഗ്രീഷ്മ ബന്ധുക്കളെ പറഞ്ഞുപഠിപ്പിക്കുകയും ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിഷം നല്‍കിയത് തമിഴ്‌നാട്ടില്‍, മരണം കേരളത്തില്‍; ആശയക്കുഴപ്പം തീര്‍ക്കാന്‍ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ