ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വിവാഹം കഴിച്ചു; ആദ്യരാത്രി മുതല്‍ പീഡനം; പരാതിയുമായി നിയമവിദ്യാര്‍ഥി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 12:17 PM  |  

Last Updated: 01st November 2022 12:17 PM  |   A+A-   |  

aryanad_husband_assault_case

പരാതിക്കാരി മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ നിന്ന് രക്ഷനേടാന്‍  നിയമവിദ്യാര്‍ഥിനിയെ വിവാഹം കഴിച്ച ശേഷം സ്ത്രീധനപീഡനമെന്ന് ആരോപണം. ആര്യനാട് സ്വദേശിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് യുവതി തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കി.  

ബലാല്‍സംഗക്കേസില്‍ നിന്ന്  രക്ഷനേടാന്‍ യുവാവ് വിവാഹം കഴിക്കുകയും തുടര്‍ന്ന് ദേഹോപദ്രവും എല്‍പ്പിക്കുന്നുവെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിനെയും മാതാപിതാക്കളെയും പ്രതികളാക്കിയെങ്കിലും പൊലീസ് തുടര്‍നടപടി സ്വീകരിച്ചില്ലെന്ന്‌ റൂറല്‍ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയവെ മുറിയിലെത്തി പീഡിപ്പിച്ചുവെന്നാണ് ആദ്യ പരാതി. കേസില്‍ അറസ്റ്റിലാകുമെന്ന ഉറപ്പായതോടെ വിവാഹ കഴിക്കുകയായിരുന്നെന്നും ആദ്യരാത്രിമുതല്‍ ദേഹോപദ്രവും ആക്രമണവും തുടങ്ങിയെന്നും യുവതി പറയുന്നു. 

സ്ത്രീധനത്തിന് വേണ്ടിയുള്ള  ശാരീരിക ആക്രമണത്തിന് പുറമേ ഭര്‍ത്താവിന്റെ കുടുംബം  ജാതിയമായി അധിക്ഷേപിക്കുന്നതായും പെണ്‍കുട്ടി പറയുന്നു. ആര്യനാട് പൊലീസില്‍ 25ന് നല്‍കിയ പരാതി, 27ാം തീയതിയെന്നാക്കിയ ശേഷം 30നാണ് എഫ്‌ഐആര്‍ ഇട്ടതെന്നും യുവതി ആരോപിക്കുന്നു. റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെ പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതിന്റെ വാട്‌സാപ്പ് സന്ദേശങ്ങളും പെണ്‍കുട്ടി പുറത്തുവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ക്ലാസ് റൂമിലേക്ക് കയറുന്നതിനിടെ ഏഴാം ക്ലാസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ