സംസ്ഥാനത്തെ കെട്ടിടങ്ങൾക്ക് 14 അക്ക തിരിച്ചറിയൽ നമ്പർ വരുന്നു, വീടുകളും ഉൾപ്പെടും

കെട്ടിടങ്ങൾ  എളുപ്പത്തിൽ തിരിച്ചറിയാനും വിവിധ സർക്കാർ  സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുമാണ്‌ പുതിയ നമ്പറെന്ന് മന്ത്രി എംബി രാജേഷ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; കേരളത്തിലെ വീടുകൾ ഉൾപ്പെടെയുള്ള എല്ലാ കെട്ടിടങ്ങൾക്കും തിരിച്ചറിയൽ നമ്പർ വരുന്നു.   14 അക്കത്തിലുള്ളതാകും തിരിച്ചറിയൽ നമ്പർ. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാ​ഗമായാണ് യുനീക് ബിൽഡിങ് നമ്പർ നടപ്പാക്കുന്നത്. കെട്ടിടങ്ങൾ  എളുപ്പത്തിൽ തിരിച്ചറിയാനും വിവിധ സർക്കാർ  സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുമാണ്‌ പുതിയ നമ്പറെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാർഡ് വിഭജനം നടത്തുമ്പോൾ ഓരോ പ്രാവശ്യവും കെട്ടിടങ്ങളുടെ നമ്പരിൽ വ്യത്യാസം വരാറുണ്ട്‌. ഇത്‌ കെട്ടിടവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാകുന്നതിൽ വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത്‌ ഒഴിവാക്കാൻ വേണ്ടിയാണ്‌ സ്ഥിരം നമ്പർ നൽകാൻ തീരുമാനിച്ചത്. നിലവിലുള്ള വീട്ടുനമ്പർ തത്കാലം തുടരുമെങ്കിലും പുതിയ നമ്പർ വരുന്നതോടെ ഭാവിയിൽ അപ്രസക്തമാകും. 

 ഇൻഫർമേഷൻ കേരള മിഷന്‍റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ. നഗര-ഗ്രാമ പ്രദേശങ്ങളിൽ സഞ്ചയ സോഫ്റ്റ്വെയർ വഴിയാണ് കെട്ടിട നമ്പർ അനുവദിക്കുന്നത്. വാർഡ് നമ്പർ, ഡോർ നമ്പർ, സബ് നമ്പർ എന്നിവ ഉൾപ്പെടുന്നതാണ് നിലവിലെ കെട്ടിട നമ്പർ.  ഇനി മുതൽ ആ രീതി  ഉണ്ടാകില്ല. വീടുകൾക്ക് നമ്പർ ഇടുന്ന സമയം തന്നെ യൂണീക് ബിൽഡിങ്‌ നമ്പരും സഞ്ചയ സോഫ്റ്റ് വെയറിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. നിലവിലെ നമ്പരിനൊപ്പം, യുണീക് നമ്പരും ലഭ്യമാക്കാനുള്ള നടപടികൾ ഐകെഎം സ്വീകരിക്കും. 

വസ്തുനികുതിയുടെ ഡിമാൻഡ് രജിസ്റ്റർ തയാറാക്കുമ്പോഴും ഡിമാൻഡ് നോട്ടീസിനൊപ്പവും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനൊപ്പവും സവിശേഷ തിരിച്ചറിയൽ നമ്പർ ഉപയോക്താക്കൾക്ക് ലഭ്യമാക്കും. കെട്ടിട നികുതി അടയ്ക്കുമ്പോഴും നമ്പർ ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com