'സ്വപ്നയെ ക്ഷണിച്ചത് ആരാണ്?', കള്ളക്കടത്തില്‍ പങ്കെന്നു കണ്ടാല്‍ ഇടപെടും; മറുപടിയുമായി ഗവര്‍ണര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 11:08 AM  |  

Last Updated: 03rd November 2022 11:13 AM  |   A+A-   |  

arif_mohammed_khan

ഗവര്‍ണര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ചിത്രം

 

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളടത്തുകാരെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധമുണ്ടെന്നു കണ്ടാല്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചെന്ന് വെളിപ്പെടുത്താനാവില്ലെന്നും, മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ സമാന്തര ഭരണത്തിനു ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ മറുപടി. ഭരണത്തില്‍ താന്‍ അനാവശ്യമായി ഇടപെട്ടതിന് ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാട്ടാനാവുമോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പൊതുമധ്യത്തിലുണ്ട്. കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന സമീപനമാണ് മുഖമന്ത്രിയുടെ ഓഫിസിലുള്ളവര്‍ സ്വീകരിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയത് കേസില്‍ പ്രതിയായപ്പോഴാണ്. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധമുണ്ടെന്നു കണ്ടാല്‍ ഇടപെടും.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ഗവര്‍ണര്‍ എടുത്തു പറഞ്ഞു. അവര്‍ക്കു ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ്. അവര്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്നിട്ടില്ലേ? അവരെ ഹോട്ടല്‍ മുറിയിലേക്കും ഹില്‍ സ്‌റ്റേഷനിലേക്കും ക്ഷണിച്ചത് ആരാണെന്ന് ഗവര്‍ണര്‍ ചോദിച്ചു. 

ആര്‍എസ്എസ് നോമിനിയെന്നു തെളിയിച്ചാല്‍ രാജി

രാജ്ഭവനില്‍ താന്‍ ആര്‍എസ്എസ് നോമിനിയോ നിയമിച്ചെന്നു തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് ഗവര്‍ണര്‍ വെല്ലുവിളിച്ചു. രാജ്ഭവന്‍ ഒരു രാഷ്ട്രീയ നിയമനവും നടത്തിയിട്ടില്ല. മുഖ്യമന്ത്രി പദവി അറിഞ്ഞു സംസാരിക്കണം. രാജ്ഭവനില്‍ ആര്‍എസ്എസ് നോമിനിയെ നിയമിച്ചെന്നു മുഖ്യമന്ത്രി തെളിയിക്കുമോ? എങ്കില്‍ താന്‍ രാജിവയ്ക്കാം. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. അനാവശ്യ നിയമനങ്ങള്‍ നടത്തിയത് സര്‍ക്കാരാണ്. സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

മറുപടി നല്‍കാന്‍ വിസിമാര്‍ക്കു കൂടുതല്‍ സമയം

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടുതല്‍ സമയം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു. ഇന്നു വൈകിട്ടു വരെയാണ് സമയം നല്‍കിയിരുന്നത്. അവര്‍ക്കു നേരില്‍ വന്നു വിശദീകരണം നല്‍കണമെന്നുണ്ടെങ്കില്‍ ഏഴിനു മുമ്പായി അറിയിക്കാം. എന്നു വരെ വിശദീകരണം നല്‍കാമെന്ന് ഏഴിനു ശേഷം അറിയിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിസിമാരുടെ ശമ്പളം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിനു കൈമാറണം; ക്രൈംബ്രാഞ്ചിനു നിയമോപദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ