ഷാരോണ്‍ വധക്കേസ്: അന്വേഷണം കേരളത്തില്‍ തന്നെ; മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയെന്ന് കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 05:48 PM  |  

Last Updated: 03rd November 2022 05:48 PM  |   A+A-   |  

greeshma_2

ഗ്രീഷ്മയും ഷാരോണ്‍ രാജും, ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: ഷാരോണ്‍ രാജ്‌ കൊലക്കേസ് അന്വേഷണം കേരള പൊലീസ് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയെന്ന് ഷാരോണിന്റെ കുടുംബം. കേസ് അന്വേഷണം മാറ്റരുത് എന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നു. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പറഞ്ഞതായി ഷാരോണിന്റെ പിതാവ് ജയരാജന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ജയരാജന്‍ പറഞ്ഞു. 

ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിനു കൈമാറുകയാണ് അഭികാമ്യമെന്നു െ്രെകംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുടുംബം പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്.  കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.

കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കാന്‍ സാധ്യതയുണ്ട്. പ്രതി ഇതിനെ കോടതിയില്‍ ചോദ്യം ചെയ്‌തേക്കാം. ഇതു കണക്കിലെടുത്താണ് അന്വേഷണവും വിചാരണയും തമിഴ്‌നാട്ടില്‍ നടത്തുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശത്തില്‍ പറയുന്നത്.

ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. തെളിവുകള്‍ കണ്ടെടുത്തതും ഇവിടെ നിന്നാണ്.

ഷാരോണ്‍ വധക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്. ഇതു പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടില്‍ ആയതിനാല്‍ അന്വേഷണവുമായി മുന്നോട്ടുപോവുന്നതില്‍ നിയമപ്രശ്‌നമുണ്ടോ എന്നറിയാനാണ്, ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.

കേസില്‍ കൊല്ലപ്പെട്ട ഷാരോണിന്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീഷ്മയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ വിഷക്കുപ്പി ഉള്‍പ്പെടെ കണ്ടെടുക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഗവര്‍ണറുടെ നോട്ടീസ്: വിസിമാര്‍ക്ക് മറുപടി നല്‍കാന്‍ സമയം നീട്ടിനല്‍കി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ