'പുറപ്പെട്ടു പോയ വാക്ക്'; ഉത്തരാധുനിക കവികളില്‍ പ്രമുഖന്‍

പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവല്‍ രാജീവന്‍ ആദ്യമെഴുതിയത് ഇംഗ്ലിഷിലായിരുന്നു
ടി പി രാജീവന്‍/ ഫയല്‍
ടി പി രാജീവന്‍/ ഫയല്‍

കോഴിക്കോട്: മലയാളത്തിലും ഇംഗ്ലീഷിലും തികഞ്ഞ കയ്യടക്കമുള്ള ടി പി രാജീവന്‍, മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ്.
ഇംഗ്ലിഷില്‍ മൂന്നും മലയാളത്തില്‍ ആറും കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് ടി പി രാജീവന്റെ പ്രശസ്ത നോവലുകള്‍. 

പാലേരിയില്‍, റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959ലാണ് രാജീവന്റെ ജനനം. അവസാനകാലം ചെലവിട്ടതാകട്ടെ അമ്മയുടെ നാടായ കോട്ടൂരും. രണ്ടു ഗ്രാമങ്ങളുടെയും ചരിത്രവും പുരാണവും ഐതിഹ്യങ്ങളും വായിച്ചും കേട്ടുമറിഞ്ഞ രാജീവന്റെ രണ്ടു നോവലുകളില്‍ നിറഞ്ഞതും ആ ഗ്രാമങ്ങളാണ്. 

പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവല്‍ രാജീവന്‍ ആദ്യമെഴുതിയത് ഇംഗ്ലിഷിലായിരുന്നു- എ മിഡ്‌നൈറ്റ് മര്‍ഡര്‍ സ്‌റ്റോറി' എന്ന പേരില്‍. പിന്നീട് മലയാളത്തിലേക്കും മൊഴിമാറ്റി. കെടിഎന്‍ കോട്ടൂര്‍ എന്ന നോവല്‍ ആദ്യമെഴുതിയതാകട്ടെ മലയാളത്തിലും പിന്നീട് അത് ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തു. 

'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന നോവല്‍ അതേ പേരിലും, 'കെടിഎന്‍ കോട്ടൂര്‍-എഴുത്തും ജീവിതവും' എന്ന നോവല്‍ 'ഞാന്‍' എന്ന പേരിലും സിനിമയായി. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്താണ് രണ്ടു നോവലിനും ചലച്ചിത്രഭാഷ്യമൊരുക്കിയത്. പാലേരി മാണിക്യത്തില്‍ മമ്മൂട്ടിയും, ഞാനില്‍ ദുല്‍ഖര്‍ സല്‍മാനും നായകന്മാരായി.

വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, വയല്‍ക്കരെ ഇപ്പോഴില്ലാത്ത, വെറ്റിലച്ചെല്ലം എന്നീ കവിതാസമാഹാരങ്ങള്‍ മലയാളത്തിലും ഹു വാസ് ഗോണ്‍ ദസ്, കണ്ണകി, തേഡ് വേള്‍ഡ് എന്നിവ ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ചു. പ്രണയത്തെക്കുറിച്ചുള്ള 100 കുറുങ്കവിതകളുമായി പുറത്തിറങ്ങിയ പ്രണയശതകം എന്ന സമാഹാരത്തില്‍ ഒരേ കവിതകള്‍ മലയാളത്തിലും ഇംഗ്ലിഷിലുമുണ്ട്. 'പുറപ്പെട്ടു പോയ വാക്ക്' എന്ന യാത്രാവിവരണവും 'അതേ ആകാശം അതേ ഭൂമി', 'വാക്കും വിത്തും' എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.

രാജീവന്റെ കവിതകള്‍ പതിനൊന്ന് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ കവിതകളെഴുതിത്തുടങ്ങിയ രാജീവന് യുവകവികള്‍ക്കുള്ള വി ടി കുമാരന്‍ പുരസ്‌കാരം ലഭിച്ചു. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ലെടിഗ് ഹൗസ് ഫെലോഷിപ്, യുഎസിലെ റോസ് ഫെലോ ഫൗണ്ടേഷന്‍ ഫെലോഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com