പണമെറിഞ്ഞ് പോര്; ​ഗവർണർക്കെതിരെ നിയമോപദേശം; സർക്കാർ ചെലവാക്കുന്നത് 46.9 ലക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 12:46 PM  |  

Last Updated: 05th November 2022 12:46 PM  |   A+A-   |  

pinarayi-arif_muhammad_khan

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാന സർക്കാർ നിയമോപദേശം തേടാൻ ചെ‌ലവാക്കുന്നത് ലക്ഷങ്ങൾ. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി 46.9 ലക്ഷം രൂപയാണ് സർക്കാർ ചെലവാക്കുന്നത്. 

ഗവര്‍ണർക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനില്‍ നിന്നാണ് സര്‍ക്കാര്‍ നിയമ ഉപദേശം തേടിയത്. ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. 

നരിമാന്റെ ജൂനിയര്‍ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം രൂപയും, സഫീര്‍ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസായി നല്‍കും. നരിമാന്റെ ക്ലര്‍ക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കുക. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കി.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ 11 ബില്ലുകളാണ് പാസാക്കിയത്. ഇതിൽ ലോകായുക്ത, സർവകലാശാല ഭേദഗതി  അടക്കമുള്ള നാല് ബില്ലുകൾക്കും കഴിഞ്ഞ വർഷം നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾക്കും ഗവർണർ അംഗീകാരം നൽകിയിട്ടില്ല

കേരള നിയമസഭാ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമോപദേശം എഴുതി നല്‍കുന്നതിനാണ് ഫീസ് കൈമാറുന്നത് എന്ന് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജോലി ഒഴിവുണ്ട്; സഖാക്കളുടെ പട്ടിക തരാമോ?'- സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്; വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ