'എന്റെ ജോലി എവിടെ?; ഡല്‍ഹിയില്‍ സമരം, ഇവിടെ തിരുകി കയറ്റല്‍; ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 02:42 PM  |  

Last Updated: 05th November 2022 02:42 PM  |   A+A-   |  

arya_rajendran

മേയറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, ആര്യാ രാജേന്ദ്രന്‍

 

തിരുവനന്തപുരം: തിരുവനന്തപരം കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ യുജവന സംഘടനാ നേതാക്കള്‍ നേതാക്കള്‍ രംഗത്തെത്തി. കേരളത്തിലെ യുവജനങ്ങള്‍ക്കും പൊതു സമൂഹത്തിനും പൊള്ളുന്ന തോന്നിവാസമാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്തെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു.

'അടിമുടി അഴിമതിയുടെ പര്യായമായി മാറിയ ആര്യാ രാജേന്ദ്രനെ മേയര്‍ സ്ഥാനത്ത് നിന്ന് ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണം. എകെജി സെന്ററിലേക്ക് ആളെ എടുക്കുന്നത് പോലെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയര്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നത്. ആനാവൂര്‍ നാഗപ്പനോ സിപിഎമ്മോ അല്ല ശമ്പളം കൊടുക്കേണ്ടത്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ്. അതീവ ഗൗരവമുള്ള ഈ വിഷയം നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ്' - ഷാഫി പറമ്പില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പോയി 'എന്റെ ജോലി എവിടെ' എന്ന മുദ്രാവാക്യം വിളിച്ച് സമരം ചെയ്തിട്ട് ഇവിടെ പാര്‍ട്ടിക്കാരെ നിയമനങ്ങളില്‍ തിരുകി കയറ്റുകയാണെന്ന് കെഎസ് ശബരിനാഥന്‍ പറഞ്ഞു.

തിരുവനന്തപുരം മേയര്‍ ഡല്‍ഹിയില്‍ തൊഴിലില്ലായ്മക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. 'Where is my job' എന്ന് പേരുള്ള ഈ സമരം ഡല്‍ഹിയില്‍ നടക്കുന്ന അതേ സമയത്തു തിരുവനന്തപുരം കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികകളില്‍ ആളുകളെ തിരുകികയറ്റുവാന്‍ വേണ്ടി മുന്‍ഗണന പട്ടിക പാര്‍ട്ടിയോട് ബഹുമാനപ്പെട്ട മേയര്‍ ആവശ്യപ്പെടുകയാണ്. ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ജില്ലാ സെക്രട്ടറി''സഖാവേ'' എന്ന് അഭിസംബോധന ചെയ്താണ് മേയര്‍ ചോദിക്കുന്നത്!

കഷ്ടപ്പെട്ട് പഠിക്കുന്നവര്‍, തൊഴില്ലില്ലാത്ത ചെറുപ്പക്കാര്‍ 'Where is my Job? എന്ന് ചോദിച്ചു നാട്ടില്‍ അലയുമ്പോള്‍ ഇവടെ പാര്‍ട്ടിക്കാര്‍ക്ക് തൊഴില്‍ മേളയാണ്. മേയര്‍ ചെയ്തിരിക്കുന്നത് ഗുരുതരമായിട്ടുള്ള സത്യപ്രതിജ്ഞ ലംഘനമാണ്. പ്രീതിയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത മേയര്‍ തൊഴില്‍ നല്‍കാമെന്ന് പാര്‍ട്ടി സെക്രട്ടറിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയാണ്. മേയര്‍ക്ക് തുടരാന്‍ യാതൊരു അവകാശവുമില്ല' ശബരിനിനാഥന്‍ പറഞ്ഞു.

കേവലം ട്രോള്‍ ചെയ്യപ്പെടേണ്ട ഒരു കാര്യമല്ല,സിപിഎമ്മിലെ ഗ്രൂപ്പിസമായി തള്ളിക്കളയേണ്ടതുമല്ല. ഇത് ഗുരുതരമായ അഴിമതിയാണെന്നും വിടി ബല്‍റാം പറഞ്ഞു.  ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്. ജനങ്ങളോടുള്ള വഞ്ചനയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. ഇവര്‍ക്കെതിരെ ലോകായുക്ത കേസെടുക്കണം. ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നില്‍ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കില്‍ അതും പുറത്തു വരണമെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  മേയറെ പുറത്താക്കണം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും; കത്തിപ്പടര്‍ന്ന് വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ