കത്തു വിവാദം : ​ഗവർണറുടെ ഇടപെടൽ തേടി ബിജെപി; അടിയന്തരയോ​ഗം വിളിച്ച് സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 12:08 PM  |  

Last Updated: 06th November 2022 12:08 PM  |   A+A-   |  

arya_rajendran_2

മേയര്‍ ആര്യാ രാജേന്ദ്രന്‍ / ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ​ഗവർണറുടെ ഇടപെടൽ തേടി ബിജെപി. കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരാണ് നാളെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നത്. ഉച്ചയ്ക്ക് 12 നാണ് ​ഗവർണറുമായുള്ള കൂടിക്കാഴ്ച. 35 ബിജെപി കൗൺസിലർമാരാണ് ​ഗവർണറെ കാണുന്നത്. 

അതിനിടെ നിയമന കത്തു വിവാദത്തിൽ സിപിഎം അടിയന്തര ജില്ലാ നേതൃയോ​ഗങ്ങൾ വിളിച്ചു.  നാളെ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് ചേരുന്നത്. ഈ യോഗങ്ങളിൽ കത്തു വിവാദം ഉൾപ്പെടെ ചർച്ചയാകും.  യോ​ഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും പങ്കെടുക്കും. കത്തു ചോർന്നതിന് പിന്നിൽ വിഭാ​ഗീയതയെന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. 

മേയർക്കു പുറമേ, കോർപ്പറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഡിആർ അനിലിന്റെ കത്തും പുറത്തു വന്നിരുന്നു. എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ്  സിപിഎം ജില്ലാ സെക്രട്ടറിയോട്  ലിസ്റ്റ് ചോദിച്ച് കത്തയച്ചത്. 

ഇപ്പോൾ പ്രചരിക്കുന്ന കത്തിന് പിന്നിൽ താനല്ലെന്നും, താൻ അങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്നും മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിരുന്നു. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കിയിട്ടുണ്ട്. മേയർ വിശദീകരണം നൽകിയതായി ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പനും വിശദീകരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കത്ത് വ്യാജമാണോയെന്ന് അറിയില്ല; രാജിവെക്കാന്‍ മേയറെ തെരഞ്ഞെടുത്തത് പ്രതിപക്ഷമല്ലല്ലോ?: ആനാവൂര്‍ നാഗപ്പന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ