അങ്ങനെയായിരുന്നു, ഇന്ന് രാവിലെ വരെ!; മുന്നാക്ക സംവരണ വിധിയില്‍ വിടി ബല്‍റാം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 07th November 2022 03:09 PM  |  

Last Updated: 07th November 2022 03:09 PM  |   A+A-   |  

VT Balram

വിടി ബല്‍റാം/ഫയല്‍ ചിത്രം

 

കൊച്ചി:  സംവരണത്തിന്റെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എംഎല്‍എ. സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനവും ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ രീതിയില്‍ ഉറപ്പുവരുത്തപ്പെടേണ്ട അധികാര പങ്കാളിത്തവുമാണ് സംവരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബല്‍റാം ഫെയ്‌സബുക്കില്‍ കുറിച്ചു. മുന്നാക്ക സംവരണ കേസില്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണം.

സാമ്പത്തിക സംവരണം കോണ്‍ഗ്രസ് നേരത്തെ തന്നെ ആവ ശ്യപ്പെട്ടിരുന്നതാണ് എന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചത്.
 

ബല്‍റാമിന്റെ കുറിപ്പ്: 

സംവരണത്തിന്റെ ലക്ഷ്യം 
വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല,
സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനവും ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ രീതിയില്‍ ഉറപ്പുവരുത്തപ്പെടേണ്ട അധികാര പങ്കാളിത്തവുമാണ്.
അങ്ങനെയായിരുന്നു, ഇന്ന് രാവിലെ വരെ!

തുല്യതയുടെ ലംഘനമെന്ന് ഭിന്ന വിധി
 
സാമ്പത്തിക സംവരണം അനുവദനീയമാണെങ്കിലും അതില്‍നിന്ന് പിന്നാക്കക്കാരെ ഒഴിവാക്കുന്നത് തുല്യതയുടെ ലംഘനമെന്ന്, ഭിന്ന വിധിയില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്. പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരുടെ സ്ഥിതി മെച്ചപ്പെട്ടെന്ന, തെറ്റായ ധാരണയാണ് നൂറ്റിമൂന്നാം ഭരണഘടന ഭേദഗതി മുന്നോട്ടു വയ്ക്കുന്നതെന്ന് ജസ്റ്റിസ് ഭട്ട് അഭിപ്രായപ്പെട്ടു. 

സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ പിന്നാക്കക്കാരെ ഉള്‍പ്പെടുത്തിയാല്‍ ഇരട്ട ആനുകൂല്യങ്ങള്‍ ആവുമെന്ന വാദം  തെറ്റാണെന്ന് ജസ്റ്റിസ് ഭട്ട് പറഞ്ഞു. മറിച്ച് ഈ ഒഴിവാക്കല്‍ തുല്യതയുടെ ലംഘനമാണ്. പട്ടിക ജാതി, വര്‍ഗക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും എതിരായ വിവേചനമാണ് അത്. സാമ്പത്തികമായ നിരാശ്രയത്വവും പിന്നാക്കാവസ്ഥയുമാണ് ഭേദഗതിക്ക് ആധാരമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭരണഘടനാപരമായി അതു സാധുവാണ്. എന്നാല്‍ പിന്നാക്കക്കാരെ ഒഴിവാക്കുന്നതു ഭരണഘടനാപരമായി അനുവദനീയമല്ലെന്ന് ജസ്റ്റിസ് ഭട്ട് വ്യക്തമാക്കി. 

പട്ടിക വിഭാഗക്കാരുടെ പിന്നാക്കവസ്ഥ പഠിക്കാന്‍ നിയോഗിച്ച സിന്‍ഹോ കമ്മിഷന്റെ കണ്ടെത്തലുകള്‍ ജസ്റ്റിസ് ഭട്ട് എടുത്തു പറഞ്ഞു. 2001 ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. പട്ടിക ജാതിക്കാരില്‍ 38 ശതമാനവും പട്ടിക വര്‍ഗക്കാരില്‍ 48 ശതമാനവും ദാരിദ്ര്യ രേഖയ്ക്കു താഴെയാണെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്.- ജസ്റ്റിസ് ഭട്ട് പറഞ്ഞു.

ജസ്റ്റിസ് രവീന്ദ്ര ഭട്ടിനോട് യോജിക്കുന്നതായി ചീഫ് ജസ്റ്റിസ് യുയു ലളിത് അറിയിച്ചു. 

രാജ്യത്ത് കാലങ്ങളായി നിലനിന്ന ജാതി സമ്പ്രദായമാണ് സംവരണം എന്ന സങ്കല്‍പ്പത്തിലേക്കു നയിച്ചതെന്ന് ജസ്റ്റ്‌സി ബേല എം ത്രിവേദി വിധിന്യായത്തില്‍ പറഞ്ഞു. പട്ടിക ജാതി, വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് തുല്യാവസരം സൃഷ്ടിക്കലായിരുന്നു അതിലൂുടെ ലക്ഷ്യമിട്ടത്. എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം, ഭരണഘടനാ തത്വങ്ങളുടെ പരിവര്‍ത്തനത്തിന് അനുസരിച്ച് സംവരണത്തില്‍ പുനപ്പരിശോധന വേണ്ടതുണ്ടെന്ന് ജസ്റ്റിസ് ത്രിവേദി അഭിപ്രായപ്പെട്ടു. സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണത്തിന് അര്‍ഹരായ പ്രത്യേക വിഭാഗത്തെ കണ്ടെത്തിയത് യുക്തിഭദ്രമാണെന്ന് ജസ്റ്റിസ് ത്രിവേദി പറഞ്ഞു. ജനങ്ങളുടെ ആവശ്യം അറിഞ്ഞാണ് നിയമ നിര്‍മാതാക്കള്‍ ഇത്തരമൊരു നടപടിയെടുത്തതെന്നും ജസ്റ്റിസ് ത്രിവേദി അഭിപ്രായപ്പെട്ടു.

സംവരണം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് ജസ്റ്റിസ് ജെബി പര്‍ദിവാല പറഞ്ഞു. സംവരണാനുകൂല്യങ്ങള്‍ നേടി മൂന്നിലെത്തിയവരെ പിന്നാക്ക വിഭാഗത്തില്‍നിന്നു മാറ്റേണ്ടതുണ്ട്. അതുവഴി സഹായം ആവശ്യമുള്ള ഒരാളെക്കൂടി കൈപിടിച്ചുയര്‍ത്താനാവും. പിന്നാക്കക്കാരെ നിശ്ചയിക്കുന്നതിനുള്ള രീതിയില്‍ കാലത്തിന് അനുസരിച്ചുള്ള പുനപ്പരിശോധന വേണം. സംവരണം അനന്തമായി തുടര്‍ന്നുപോവാനാവില്ല, അങ്ങനെയാവുമ്പോള്‍ അതില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ വന്നുചേരുമെന്ന് ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.

മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. എല്ലാവര്‍ക്കും തുല്യാവകാശമുള്ള ഒരു സമൂഹത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ഒരു ഉപകരണമാണ് സംവരണം. അവശരെക്കൂടി ചേര്‍ത്തുപിടിക്കുക എന്നതാണ് അതിലൂടെ ലക്ഷ്യമിടുന്നത്. അത് സാമ്പത്തിക അടിസ്ഥാനത്തില്‍ ആവുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമാവില്ല. മണ്ഡല്‍ കേസില്‍ സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം സംവരണ പരിധി, ഭരണഘടനയുടെ 16 -4 പ്രകാരമുള്ള സാമൂഹ്യ സംവരണത്തിനു മാത്രമാണ് ബാധകമെന്ന് ജസ്റ്റിസ് മഹേശ്വരി ചൂണ്ടിക്കാട്ടി.

3-2 ഭൂരിപക്ഷ വിധിയിലൂടെയാണ്, മുന്നാക്ക സംവരണം ശരിവച്ചുകൊണ്ട് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുന്നാക്ക സംവരണം കോണ്‍ഗ്രസ് ഏറെക്കാലമായി ആവശ്യപ്പെടുന്നത്; സ്വാഗതം ചെയ്ത് കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ