'ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍'; ഡിസംബര്‍ ആദ്യം നിയമസഭ ചേരാന്‍ ആലോചന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 09:40 PM  |  

Last Updated: 08th November 2022 09:40 PM  |   A+A-   |  

pinarayi

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചുമുതല്‍ 15 വരെ ചേരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ചേക്കും.

നിലവില്‍ നിയമ സര്‍വകലാശാല ഒഴികെയുള്ള സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവര്‍ണറാണ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലാണ് സഭയില്‍ പ്രധാനമായി കൊണ്ടുവരിക. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഡിസംബറില്‍ സഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് ഓരോ ദിവസം കഴിയുന്തോറും മുറുകുകയാണ്്. നേരത്തെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഗവര്‍ണറുമായുള്ള പോര് കടുപ്പിച്ച് സഭയില്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി ആര്‍ജ്ജിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

നിലവില്‍ വിവിധ സര്‍വകലാശാലകളില്‍ വ്യത്യസ്ത നിയമമാണ്. അതിനാല്‍ ഓരോന്നിനും ബില്‍ കൊണ്ടുവന്ന് അവതരിപ്പിക്കണം. നിലവില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ബില്‍ തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതെ വന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവര്‍ണറുടെ നിയമോപദേശകര്‍ രാജിവച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ