പോപ്പുലർ ഫ്രണ്ട് ഹർത്താൽ; നഷ്ടം ഒരു കോടിയിലേറെ; 2905 പേരെ അറസ്റ്റ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 10:47 AM  |  

Last Updated: 08th November 2022 10:47 AM  |   A+A-   |  

pfi_harthal_attack

ഹര്‍ത്താല്‍ ദിനത്തില്‍ തകര്‍ത്ത കെഎസ്ആര്‍ടിസി ബസ്‌

 

കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ നടന്ന ആക്രമണങ്ങളിൽ 86,61,775 രൂപയുടെ പൊതുമുതൽ നഷ്ടം ഉണ്ടായെന്നും സ്വകാര്യ വ്യക്തികൾക്ക് 16,13,020 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

ആക്രമണങ്ങളുടെ പേരിൽ കഴിഞ്ഞ രണ്ട് വരെ 342 കേസുകളിലായി 2905 പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര നിരോധനത്തിന്റേയും യുഎപിഎ കേസുകളുടേയും പശ്ചാത്തലത്തിൽ വ്യാപകമായി റെയ്ഡ് നടത്തിയെന്നും ഓഫീസുകൾ പലതും മുദ്ര വച്ചെന്നും സർക്കാർ അറിയിച്ചു. 

പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിന്റെ പശ്ചാത്തലത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ആഭ്യന്തര അഡീ. സെക്രട്ടറി ഡി സരിതയുടെ സത്യവാങ്മൂലം. ഹർജി ഇന്ന് പരി​ഗണിച്ചേക്കും. കേന്ദ്രത്തിന്റെ നിരോധനം കൂടി വന്നതോടെ എൻഐഎയും കേരളം പൊലീസും നടത്തിയ സംയുക്ത ഓപറേഷനിലാണ് സംസ്ഥാന ജറൽ സെക്രട്ടറി എ അബ്ദുൽ സത്താറിനേയും മുൻ ജനറൽ സെക്രട്ടറിയേയും പിടികൂടിയതെന്ന് സർക്കാർ വിശദീകരിച്ചു. കോടതിയുടെ മുൻ ഉത്തരവ് പ്രകാരമുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഹർത്താൽ കേസുകളിൽ പോപ്പുലർ ഫ്രണ്ടിനേയും സത്താറിനേയും പ്രതി ചേർത്തു. 

റവന്യൂ റിക്കവറി നടപടി ആരംഭിക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വത്തുക്കൾ തിട്ടപ്പെടുത്തുന്നതിനായി രജിസ്ട്രേഷൻ ഐജിയുമായി ചേർന്നു നടപടികൾക്കു സംസ്ഥാന ഡിജിപിയെ ചുമതലപ്പെടുത്തി. 

ജാമ്യമില്ലാ വകുപ്പുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബാക്കിയുള്ളവരെ ജാമ്യത്തിൽ വിട്ടതു കർശന വ്യവസ്ഥകളിലാണ്. നഷ്ടപരിഹാര അപേക്ഷകൾ പരി​ഗണിക്കാൻ പിഡി ശാരങ്ധരനെ ക്ലെയിംസ് കമ്മീഷണറായി നിയമിച്ചുവെന്നും സർക്കാർ അറിയിച്ചു. നാശനഷ്ടങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കും ഹാജരാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വിവാദ കത്ത്; മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ