'കൊടിതോരണങ്ങള്‍ കെട്ടുന്നതില്‍നിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കുക, ആവേശം അപകടം വരുത്തും'

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 11th November 2022 11:52 AM  |  

Last Updated: 11th November 2022 11:52 AM  |   A+A-   |  

electricity_post

മന്ത്രി കെ കൃഷ്ണന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

 

തിരുവനന്തപുരം:  കൊടിതോരണങ്ങള്‍ കെട്ടുന്നതില്‍നിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കാന്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഫുട്‌ബോള്‍ ആവേശത്തില്‍ ചെയ്യുന്ന പ്രവൃത്തി അപകടം വിളിച്ചുവരുത്തുമെന്ന്, ചിത്രങ്ങള്‍ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മന്ത്രി പറഞ്ഞു. 

ചൊവ്വ സെക്ഷന്‍ പരിധിയില്‍ ഏഴര എന്ന സ്ഥലത്ത് ഫുട്ബാള്‍ പ്രേമികള്‍ നടത്തിയ അപകടകരമായ പ്രവൃത്തി കാരണമാണ് ഈ കുറിപ്പ് എഴുതേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു. 

ലോകം മുഴുവന്‍ ഒരു പന്തിന് പുറകെയാണ്. ഓരോ നാല് വര്‍ഷം കൂടുമ്പോഴും നമ്മളോരോരുത്തരേയും ആവേശം കൊള്ളിക്കാന്‍ സ്വര്‍ണ്ണത്തിളക്കവുമായി ഫുട്ബാള്‍ മാമാങ്കം കടന്ന് വരും. അന്നും അടുത്ത മാമാങ്കവും കാണാനും ആഘോഷിക്കാനും നിങ്ങളോരോരുത്തരും അവരുടെ കുടുംബാംഗങ്ങളും സന്തോഷത്തോടെ ഇവിടെ ഉണ്ടാവണം. അതിന് നിങ്ങള്‍ കാണിക്കുന്ന ആവേശം സുരക്ഷയുടെ അതിര്‍വരമ്പുകള്‍ കടക്കാതെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ ആ ഫുട്ബാള്‍ മാമാങ്കം നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ നഷ്ടത്തിന്റെയും വേദനയുടെയും ഓര്‍മ്മപ്പെടുത്തല്‍ മാത്രമായി  ഓരോ ലോകകപ്പും മാറും.

വൈദ്യുതി തൂണും ലൈനുകളും ലോകത്തിന് വെളിച്ചം കാട്ടാനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും വേണ്ടി സൃഷ്ടിച്ചവയാണ്. അവയില്‍ സുരക്ഷിതമല്ലാത്ത ഏതൊരു പ്രവൃത്തിയും അനധികൃതവും നിയമ വിരുദ്ധവും അതിലേറെ ആത്മഹത്യാപരവുമാണ്. സ്വയം മരണത്തിന് കീഴടങ്ങുകയോ അംഗവൈകല്യത്തിനോ ഇടയാവുന്ന ഇത്തരം പ്രവൃത്തികളില്‍ ദയവായി ഏര്‍പ്പെടാതിരിക്കുക.

തലനാരിഴക്ക് മാത്രമാണ് ഇവിടെ അപകടം ഒഴിവായത്. ഒരു നേര്‍ത്ത നനവ് ആ കയറില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു ദുരന്തം കുടുംബത്തെ അനാഥമാക്കുമായിരുന്നു. 230 വോള്‍ട്ട് തന്നെ ഒരു ആനയുടെ ജീവനെടുക്കാന്‍ കെല്‍പ്പുള്ളതാണ് അവിടെയാണ് 11000 വോള്‍ട്ടില്‍ കൊടി കൊണ്ട് അഭ്യാസ പ്രകടനം നടത്തി ആവേശം വിഡ്ഢിത്തം കാട്ടിയത്- പോസ്റ്റില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ടീമുകള്‍ തോറ്റാല്‍ ഫ്‌ളെക്‌സുകള്‍ മാറ്റണം', ആരാധകര്‍ക്ക് മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ