പ്രീഡിഗ്രി സമരം: ഹൈക്കോടതി വിധി റദ്ദാക്കി; 14 എബിവിപി പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 01:04 PM  |  

Last Updated: 11th November 2022 01:04 PM  |   A+A-   |  

SupremeCourtofIndia

സുപ്രീം കോടതി /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: പ്രീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ എബിവിപി പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടു. 2000 ലെ സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ കേരള ഹൈക്കോടതി ശിക്ഷിച്ച പതിനാല് പേരെയാണ് സുപ്രീംകോടതി വെറുതെ വിട്ടയച്ചത്. 

പൊതുമുതല്‍ നശിപ്പിക്കല്‍, കലാപം സൃഷ്ടിക്കല്‍, സംഘം ചേരല്‍ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് എബിവിപി പ്രവര്‍ത്തകരെ ഹൈക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ്, പ്രതികളെ വെറുതെ വിട്ടുകൊണ്ട് ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 

കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്താനുള്ള നീക്കത്തിനെതിരെ 2000 ജൂലൈ 12ന്, എബിവിപി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം എബിവിപി നടത്തിയ പ്രതിഷേധത്തില്‍ തിരുവനന്തപുരത്ത് ഇരുന്നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. 

സംഘര്‍ഷത്തിനിടെ, കിഴക്കേകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ രാജേഷ് തലയ്ക്കടിയേറ്റ് മരിച്ചു. ഈ കേസില്‍ തെളിവുകളില്ലെന്ന് കാട്ടി, പ്രതി ചേര്‍ക്കപ്പെട്ടവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള കേസില്‍ 14 എബിവിപി പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു. ഇതിനെതിരെ 2010ലാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസ്: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ