റോഡിലൂടെ യുവതിയുടെ ഓട്ടം, കാര്യമറിയാതെ പിറകെ ഓടി പൊലീസും നാട്ടുകാരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 08:39 AM  |  

Last Updated: 12th November 2022 08:42 AM  |   A+A-   |  

women escaped with brother in law

പ്രതീകാത്മക ചിത്രം


പത്തനംതിട്ട: റോഡിലൂടെ ബൈക്കിന് പിന്നാലെ ഓടിയ യുവതി നാട്ടുകാരേയും പൊലീസിനേയും ചുറ്റിച്ചു. പത്തനംതിട്ടയിൽ സെൻട്രൽ ജങ്‌ഷനിൽ നിന്ന്‌ ചന്തയുടെ ഭാ​ഗത്തേക്കായിരുന്നു യുവതിയുടെ ഓട്ടം. കാര്യം എന്തെന്ന് അറിയാതെ ഓടുന്ന യുവതിക്കൊപ്പം നാട്ടുകാരും പിന്നാലെ പൊലീസും ചേർന്നു.

യുവതി ആളുകളെ ഇടിച്ചുമാറ്റി അതിവേഗം ചന്തയുടെ ഭാഗത്തേക്ക് ഓടുകയായിരുന്നു. മാല മോഷണം പോലെ എന്തെങ്കിലും ആയിരിക്കും എന്ന് കരുതി നാട്ടുകാർ യുവതിക്കൊപ്പം ഓടി. നാട്ടുകാർ യുവതിയുടെ പിറകെ ഓടിയതോടെ ഈ കൂട്ടയോട്ടത്തിൽ പെട്ട് ഏതാനും സമയത്തേക്ക് പൊലീസ് സ്റ്റേഷൻ-അഴൂർ റോഡ് പൂർണമായും സ്തംഭിച്ചു. 

നഗരത്തിൽ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പൊലീസ് ഈ സമയം ഇവിടേക്ക് എത്തി. കാര്യം അറിയാതെ പൊലീസും യുവതിക്ക് പിന്നാലെ പാഞ്ഞു. ഓട്ടത്തിന്റെ കാരണം തിരക്കിയപ്പോൾ ഒന്നും ഇല്ലാ എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ നാട്ടുകാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമം തുടങ്ങി.

വീണ്ടും പൊലീസ് ചോദിച്ചപ്പോഴാണ് യുവതി സംഭവിച്ച കാര്യം പറയുന്നത്. ഭർത്താവുമായി ബൈക്കിൽ പത്തനംതിട്ടയിൽ എത്തിയതാണ് യുവതി. ഇവിടെ വെച്ചുണ്ടായ കുടുംബവഴക്കിനെ തുടർന്ന് തന്നെ വഴിയിലിറക്കിയിട്ട് ഭർത്താവ് പോയി. ഭർത്താവ് പോയതിന്റെ പിന്നാലെ ഓടിയതായിരുന്നു യുവതി. ഇതൊന്നും മനസ്സിലാക്കാതെയാണ് നാട്ടുകാരും യുവതിയുടെ പുറകെ വച്ചുപിടിപ്പിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: പ്രതികളുടെ ലൈസന്‍സ് റദ്ദാക്കും, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ