ഞങ്ങളെ കേള്‍ക്കണമെന്ന് കുട്ടികള്‍; മാസത്തില്‍ രണ്ടു തവണ മന്ത്രിയുമായി സംവദിക്കാം

15 ദിവസത്തിലൊരിക്കല്‍ എന്ന രീതിയിലാണ് കുട്ടികള്‍ക്ക് മന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിക്കുക.
വീണ ജോര്‍ജ്
വീണ ജോര്‍ജ്

തിരുവനന്തപുരം: തങ്ങളെ കേള്‍ക്കാന്‍ മുതിര്‍ന്നവര്‍ സമയം കണ്ടെത്തുന്നതാണ് കുട്ടികള്‍ക്ക് ഏറ്റവും പ്രയപ്പെട്ടതെന്ന് മന്ത്രി വീണാ ജോര്‍ജിന് മുന്‍പില്‍ നിന്ന് 'കുട്ടി പ്രസിഡന്റ്' നന്മ എസ് പറഞ്ഞതോടെ മുഴുവന്‍ കുരുന്നുകളുടെയും വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ സമയം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാനതല ശിശുദിനാഘോഷ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് കുട്ടികളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ മുതിര്‍ന്നവര്‍ സമയം കണ്ടെത്തുന്നില്ലെന്ന പരാതി നന്മ പരോക്ഷമായി അവതരിപ്പിച്ചത്.  ഇതിന് ഉടനടി മന്ത്രി പരിഹാരവും കണ്ടു, മാസത്തില്‍ രണ്ടു തവണ കുട്ടികള്‍ക്ക് മന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിക്കും. കുട്ടികളുടെ പ്രയാസങ്ങള്‍, പരാതികള്‍, ആശയങ്ങള്‍ തുടങ്ങിയവയെല്ലാം പങ്കുവെക്കാം. 15 ദിവസത്തിലൊരിക്കല്‍ എന്ന രീതിയിലാണ് കുട്ടികള്‍ക്ക് മന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിക്കുക.

കുട്ടികളുടെ പ്രസംഗങ്ങള്‍ സമൂഹത്തിലെ വിവിധ സംഭവ വികാസങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതായിരുന്നു. ലഹരി ഉപഭോഗം, അന്ധവിശ്വാസം, അനാചാരം എന്നിവ തുടച്ചുനീക്കി ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുന്നതിനുള്ള നീക്കങ്ങളാണ് കുട്ടികളുടെ വികസനത്തിന് അനിവാര്യമെന്നതായിരുന്നു കുട്ടികളുടെ പ്രസംഗത്തിന്റെ ചുരുക്കം.

ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ജയപാല്‍ മുഖ്യമന്ത്രിയുടെ കുട്ടികള്‍ക്കുള്ള സന്ദേശം വേദിയില്‍ വായിച്ചു. 'കൈകോര്‍ക്കാം ലഹരിക്കെതിരെ' എന്ന സന്ദേശത്തോടെ പുറത്തിറക്കിയ  ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.  സ്റ്റാമ്പ് രൂപകല്‍പന ചെയ്ത ബാലരാമപുരം നസ്രേത്ത്‌ഹോം സ്‌കൂളിലെ അക്ഷയ് ബി എ, വിഷയം തിരഞ്ഞെടുത്ത കണ്ണൂര്‍ അണ്ടല്ലൂര്‍ സീനിയര്‍ സ്‌കൂളിലെ അശ്വിന്‍ കൃഷ്ണ എന്നിവരെ മന്ത്രി വേദിയില്‍ ആദരിച്ചു. 

കുട്ടികളുടെ പ്രധാനമന്ത്രി കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മിന്ന രഞ്ജിത്, കുട്ടികളുടെ പ്രസിഡന്റ് വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സി.ബി.എസ്.ഇ സ്‌കൂളിലെ നന്മ എസ്, കുട്ടികളുടെ സ്പീക്കര്‍ കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസിലെ ഉമ എസ്, സമ്മേളനത്തിന് സ്വാഗതമാശംസിച്ച ശിശുവിഹാര്‍ യു.പി.സ്‌കൂളിലെ പാര്‍വണേന്ദു പി.എസ്, യോഗത്തിന് കൃതജ്ഞത പറഞ്ഞ കാര്‍മല്‍ ഗേള്‍സ് എച്ച്.എസ്.എസ് ഗൗതമി എസ്, സ്വാഗത ഗാനമാലപിച്ച ദേവനന്ദന്‍, കുട്ടികളുടെ പരിശീലകന്‍ പള്ളിപ്പുറം ജയകുമാര്‍ എന്നിവരെയും മന്ത്രി ആദരിച്ചു. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും ആദരിച്ചു. ശിശുദിന റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വെള്ളായണി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളെയും ആദരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com