ഓരോരുത്തരും അവരവരുടെ പരിധിയില്‍ നില്‍ക്കണം; സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 02:17 PM  |  

Last Updated: 15th November 2022 02:18 PM  |   A+A-   |  

arif_muhammed_khan

ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

 

ന്യൂഡല്‍ഹി: സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വ്യക്തിപരമായി ആരോടും ശത്രുതയില്ല. ഓരോരുത്തരും അവരവരുടെ പരിധിയില്‍ നില്‍ക്കണം. സര്‍ക്കാര്‍ അവരുടെ അധികാര പരിധിയിലും താന്‍ തന്റെ അധികാര പരിധിയിലും തുടരുമെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

താന്‍ ഡല്‍ഹിക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും എത്തിയിരുന്നില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് പറയാന്‍ കഴിയില്ല. കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സുപ്രീംകോടതി വിധിക്കെതിരായി ഓര്‍ഡിനന്‍സില്‍ താന്‍ ഒപ്പിടുമെന്ന് കരുതുന്നുണ്ടോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. 

കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്നും പിന്മാറില്ല. സമ്മര്‍ദ്ദം ചെലുത്താമെന്ന് ആരും കരുതേണ്ട. സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്കാണ്. സര്‍ക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും. ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ തീര്‍ത്തും അസ്വസ്ഥനാണ്. രാഷ്ട്രീയ ഇടപെടല്‍ ശക്തമായിരുന്നു. 

നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ആര്‍ക്കും കഴിയില്ല. പല തവണ തനിക്ക് വാക്ക് തന്നിട്ടും രാഷ്ട്രീയ ഇടപെടല്‍ സ്ഥിരമായി നടന്നുപോന്നു. ആരെങ്കിലും സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയാണെങ്കില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

സര്‍വകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാന്‍ കഴിയില്ല. ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റിയാണ് ചിന്തിക്കുന്നത്. അവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിടുകയാണ്. സമ്മര്‍ദ്ദം ചെലുത്തി ഒരു കാര്യം നടത്താമെന്ന് ആരും കരുതണ്ട. കേരളത്തില്‍ 13 സര്‍വകലാശാലകളാണ് ഉണ്ടായിരുന്നത്. അവിടെയെല്ലാം നൂറ് കണക്കിന് നിയമവിരുദ്ധ നിയമനങ്ങളാണ് നടന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവര്‍ണറുടേത് തന്നിഷ്ടം; അനുവദിക്കാനാവില്ല; രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ്; അണിനിരന്നത് പതിനായിരങ്ങള്‍; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ