കടം നല്‍കിയ പണം തിരിച്ചുചോദിച്ചു, യുവാവിനെ മര്‍ദ്ദിച്ച് നഗ്നദൃശ്യം പകര്‍ത്തി; ഹണി ട്രാപ്പ് മോഡല്‍ തട്ടിപ്പ്, യുവതി അടക്കം നാലുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 10:17 PM  |  

Last Updated: 16th November 2022 10:17 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കോഴിക്കോട് : കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം. യുവാവിന്റെ നഗ്നദൃശ്യങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ യുവതിയുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ബേപ്പൂരിലാണ് സംഭവം. ബേപ്പൂര്‍  ബി സി റോഡ്  പുതിയ നിലത്ത് ശ്രീജയും കൂട്ടുകാരായ നാല് യുവാക്കളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. പാളയത്ത് കച്ചവടം നടത്തുന്ന ഒളവണ്ണ സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. ശ്രീജയും പാളയത്ത് കച്ചവടക്കാരിയാണ്. 

നേരത്തെ ഇവര്‍ ഈ യുവാവില്‍ നിന്ന് പണം കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. നിരവധി തവണ തുക മടക്കിച്ചോദിച്ചെങ്കിലും പണം തിരികെ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ശ്രീജയും സുഹൃത്തുക്കളായ അഖ്‌നേഷ്, പ്രണോഷ്, സുഹൈല്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. മര്‍ദ്ദിച്ച് നഗ്‌നനാക്കിയ ശേഷം ഫോട്ടോയും വീഡിയോയുമെടുത്തു. പുറത്തു പറഞ്ഞാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. 

സംഭവ സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും ഇവര്‍ തട്ടിയെടുത്തു. പണം തിരികെ ചോദിച്ചതിലുളള വൈരാഗ്യമാണ് യുവാവിനെ വിളിച്ചു വരുത്തി മര്‍ദ്ദിക്കാനുളള കാരണമെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. സംഘത്തിലെ ഒരാളെകൂടി പിടികൂടാനുണ്ട് .

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാപ്പ ചുമത്തി നാടുകടത്തി; തിരിച്ചെത്തിയ ഗുണ്ട ഹോട്ടല്‍ ജീവനക്കാരനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു, അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ