'ഭക്ഷണ വിതരണക്കാര്‍ക്ക് നല്‍കുന്നത് മികച്ച വേതനം'; ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ച് സ്വിഗി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 07:02 PM  |  

Last Updated: 17th November 2022 07:02 PM  |   A+A-   |  

swiggy

ഫയല്‍ ചിത്രം

 

കൊച്ചി: ഭക്ഷണ വിതരണക്കാരുടെ സമരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗി. 'കൊച്ചിയിലെ നൂറുകണക്കിന് ഡെലിവറി പങ്കാളികള്‍ക്ക് സ്ഥിരവും വിശ്വസനീയവുമായ വരുമാന അവസരം സ്വിഗി പ്രാപ്തമാക്കിയിട്ടുണ്ട്. ശരാശരി, നഗരത്തിലെ ഞങ്ങളുടെ സജീവ ഡെലിവറി പങ്കാളികളുടെ പ്രതിവാര പേഔട്ട് കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കുക മാത്രമല്ല, അത് ഈ മേഖലയിലെ ഏറ്റവും മികച്ചതുമാണ്.  അവരുടെ പേഔട്ടുകള്‍ നന്നായി മനസ്സിലാക്കാനും ജോലിയിലേക്ക് മടങ്ങാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും നിലവില്‍ ഞങ്ങള്‍ ഡെലിവറി പങ്കാളികളുമായി സംസാരിച്ചുവരികയാണ്.  ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കാനാകുമെന്ന്  പ്രതീക്ഷിക്കുന്നു,' - സ്വിഗി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കൊച്ചിയിലെ സ്വിഗി വിതരണക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് മൂന്ന് ദിവസം പിന്നിട്ടു. മിനിമം ചാര്‍ജ് ഉയര്‍ത്തണമെന്നതാണ് പ്രധാന ആവശ്യം. സമരത്തിനിടയില്‍ ലേബര്‍ കമ്മീഷണറുമായും ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. സ്വിഗി കമ്പനിയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നാല് കിലോമീറ്ററിന് ഇരുപത് രൂപ എന്ന കണക്കില്‍ തുച്ഛമായ വേതനമാണ് ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക്  കിട്ടുന്നതെന്നാണ് സമരക്കാരുടെ ഭാഗം. മറ്റൊരു തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് സ്വിഗി ഡെലിവറി അനുമതി നല്‍കിയതും ജീവനക്കാര്‍ക്ക് തിരിച്ചടിയായി. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രിയ വര്‍ഗീസിനു തിരിച്ചടി; യോഗ്യതയില്ലെന്ന് ഹൈക്കോടതി, നിയമന പട്ടിക റദ്ദാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ