മകളുടേയും ഭർതൃമാതാവിന്റേയും കൊലയിൽ പങ്കില്ല, ശിക്ഷാ വിധി മരവിപ്പിക്കണമെന്ന് അനുശാന്തി; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 07:58 AM  |  

Last Updated: 18th November 2022 07:58 AM  |   A+A-   |  

anushanti

അനുശാന്തി /ഫയല്‍ ചിത്രം

ന്യൂഡൽഹി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി സുപ്രീംകോടതിയിൽ. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ അപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി വരും വരെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം നൽകണം എന്നാണ് ആവശ്യം. സ്വന്തം കുഞ്ഞിനേയും ഭർതൃമാതാവിനേയും കൊലപ്പെടുത്തിയ കേസിൽ ഇരട്ടജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി. 

കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്കെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും അനുശാന്തിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് രണ്ട് മാസത്തെ പരോൾ പരോൾ അനുവദിച്ചിരുന്നു. 

2014ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി  ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവ‌‌ർത്തകനും കാമുകനുമായ നിനോ മാത്യുവാണ് കൊലനടത്താന്‍ അനുശാന്തിക്ക് കൂട്ടുനിന്നത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നൽകിയ വീടിന്റെ ചിത്രങ്ങളും വഴിയുമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തത്തിനുമാണ് കോടതി വിധിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അലക്ഷ്യമായി യൂ ടേണ്‍: അപകടത്തില്‍ മരിച്ച കാവ്യയുടെ സംസ്‌കാരം ഇന്ന്; അറസ്റ്റിലായ യുവാവിന്റെ ലൈസന്‍സ് റദ്ദാക്കും​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ