കേരള വർമയിലും നിയമന വിവാദം; മുൻ എസ്എഫ്ഐക്കാരന് വേണ്ടി ഒന്നാം റാങ്കുകാരിക്ക് നിരന്തരം ഭീഷണി; വകുപ്പ് മേധാവിക്കെതിരെ അധ്യാപികയുടെ പരാതി

ഒന്നാം റാങ്ക് നേടിയ ഈ യുവതിയെ കേരള വർമയിലെ രണ്ട് അധ്യാപകർ നിരന്തരം ഭീഷണിപ്പെടുത്തി വിസമ്മതക്കുറിപ്പ് എഴുതിപ്പിച്ചെന്നാണ് ആരോപണം
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തൃശൂർ: കേരള വർമ കോളജിലും അധ്യാപക നിയമന വിവാദം. ​ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയരുന്നത്. മുൻ എസ്എഫ്ഐക്കാരനെ നിയമിക്കാൻ വകുപ്പ് മേധാവി ഇടപെട്ടെന്ന പരാതിയുമായി ഇതേ കോളജിലെ അധ്യാപിക കൂടിയായ സബ്ജറ്റ് എക്സ്പർട്ട് ഡോ. ജ്യുവൽ ജോൺ ആലപ്പാട്ടാണ് രം​ഗത്തെത്തിയത്. കേരളവർമ കോളജിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവിക്കെതിരെ ഡോ. ജ്യുവൽ ജോൺ ആലപ്പാട്ട് നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്. 

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് നടപടി. നാല് പേരാണ് ഇന്റർവ്യൂ പാനലിൽ ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ, പൊളിറ്റിക്കൽ സയൻസിലെ ഹെഡ്ഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്, സബ്ജക്ട് അധ്യാപിക ജ്യുവൽ ജോൺ ആലപ്പാട്ട്, മറ്റൊരു അധ്യാപകനുമായിരുന്നു പാനൽ. പാലക്കാട് സ്വദേശിയായ യുവതിയാണ് മികച്ച രീതിയിൽ പെർഫോം ചെയ്തത്. 

എന്നാൽ ഒന്നാം റാങ്ക് നേടിയ ഈ യുവതിയെ കേരള വർമയിലെ രണ്ട് അധ്യാപകർ നിരന്തരം ഭീഷണിപ്പെടുത്തി വിസമ്മതക്കുറിപ്പ് എഴുതിപ്പിച്ചെന്നാണ് ആരോപണം. റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ മുൻ എസ്എഫ്ഐ നേതാവിനു നിയമനം നൽകാൻ വേണ്ടിയാണ് അധ്യാപകർ ഭീഷണിപ്പെടുത്തിയത് എന്നാണ് ആരോപണം. അവർ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും മാനസികമായി താൻ തളർന്നുവെന്നും വീട്ടുകാർ പോലും പേടിച്ചിരിക്കുകയാണെന്നും റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരിയായ അധ്യാപിക മറ്റൊരധ്യാപികയ്ക്കയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. 

സബ്ജക്ട് എക്സ്പർട്ടിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ മുൻ എസ്എഫ്ഐ നേതാവിനു കഴിഞ്ഞില്ല. വകുപ്പു മേധാവി ഇയാൾക്ക് മുഴുവൻ മാർക്കും നൽകിയെങ്കിലും രണ്ടാം റാങ്കാണു ലഭിച്ചത്. സബ്ജക്ട് എക്സ്പർട്ട് പക്ഷപാതപരമായാണു ചോദ്യങ്ങൾ ചോദിച്ചതെന്ന് ആരോപിച്ച് വകുപ്പു മേധാവി പ്രിൻസിപ്പലിനു കത്തു നൽകി. റാങ്ക് പട്ടികയിൽ ഒപ്പിടാൻ മേധാവി വിസമ്മതിക്കുകയും ചെയ്തു.

നിയമനത്തിലെ ബാഹ്യ ഇടപെടൽ അന്വേഷിക്കണമെന്നുകാട്ടി സബ്ജക്ട് എക്സ്പർട്ട് ഡോ. ജ്യുവൽ ജോൺ ആലപ്പാട്ട് ചാൻസലർക്കും വൈസ് ചാൻസലർക്കും അടക്കം പരാതി നൽകി. പ്രിൻസിപ്പൽ നിയോഗിച്ച സമിതി അന്വേഷിച്ച ശേഷം റിപ്പോർട്ട് നൽകിയെങ്കിലും നടപടി ആയിട്ടില്ല. 

ഭീഷണികൾക്ക് പിന്നാലെ താൻ ജോലിക്കു ചേരുന്നില്ലെന്നും പിന്മാറുകയാണെന്നും ഒന്നാം റാങ്ക് കിട്ടിയ അധ്യാപിക സന്ദേശത്തിൽ പറയുന്നുണ്ട്. പിന്നീട് യുവതി പാലക്കാട്ടെ മറ്റൊരു കോളജിൽ ഗസ്റ്റ് അധ്യാപികയായി ജോലിക്ക് കയറി. 

രണ്ടാം റാങ്കുകാരനായ മുൻ എസ്എഫ്ഐ നേതാവിനു ചട്ടവിരുദ്ധമായി നിയമനം നൽകാനുള്ള റപ്രസന്റേഷനിൽ ഒപ്പു വയ്ക്കാൻ വിസമ്മതിച്ചതാണ് വകുപ്പു മേധാവിയെ പ്രകോപിപ്പിച്ചതെന്ന് സബ്ജക്ട് എക്സ്പർട്ട് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല ആംഗ്യം കാട്ടിയതിനും അധ്യാപികയുടെ പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 23നു വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഈ കേസാണ് കോടതിയുടെ പരി​ഗണനയിലുള്ളത്. 

ആദ്യ റാങ്കുകാരി ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിച്ചതോടെ രണ്ടാം റാങ്കുകാരനായ ഇടതു നേതാവിനു വേണ്ടി ഉടൻ നിയമനം ആവശ്യപ്പെട്ടാണു വകുപ്പു മേധാവി റപ്രസന്റേഷൻ തയാറാക്കിയത്. നിന്നേക്കാൾ സീനിയറാണെന്നും ജൂനിയറായ നീ താൻ പറയുന്നത് അനുസരിച്ചാൽ മതിയെന്നും ധിക്കാരം തന്നോടു വേണ്ടെന്നും മേധാവി ഭീഷണി മുഴക്കിയതായി പരാതിയിലുണ്ട്.

ഒപ്പിടാൻ സാധിക്കില്ലെന്നു തീർത്തു പറഞ്ഞതോടെ അശ്ലീല ആംഗ്യം കാട്ടിയെന്നാണു കേസ്. മുൻപും ഇത്തരം അശ്ലീല പ്രയോഗങ്ങൾ ഉണ്ടായതായും പരാതിയിൽ പറയുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com