കുഫോസ് വിസി: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി, പുതിയ നിയമനം അന്തിമ വിധിക്കു വിധേയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 04:23 PM  |  

Last Updated: 21st November 2022 04:23 PM  |   A+A-   |  

supreme_court

സുപ്രീം കോടതി /ഫയല്‍

 

ന്യൂഡല്‍ഹി: കേരള ഫിഷറീസ്, സമുദ്ര പഠന സര്‍വകലാശാലാ വിസിയായുള്ള നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഡോ. കെ റിജി ജോണ്‍ നല്‍കിയ അപ്പീലില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി, ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.

ഹൈക്കോടതി ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന് ഡോ. റിജി ജോണിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ കെകെ വേണുഗോപാലും ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാഴ്ചയ്ക്കു ശേഷം ഹര്‍ജിയില്‍ തിര്‍പ്പാക്കാമെന്ന നിലപാടാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചത്. 

ഹര്‍ജി അനുവദിക്കുകയാണെങ്കില്‍ വിസി പുനസ്ഥാപിക്കപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്റ്റേ ഇല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി ഭരണം നിശ്ചലമാവുമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രണ്ടാഴ്ചത്തേക്ക് ചാന്‍സലര്‍ക്കു താത്കാലിക സംവിധാനം ഉണ്ടാക്കാമെന്ന് കോടതി പറഞ്ഞു. പകരം നിയമനം ഹര്‍ജിയിലെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ വരുന്ന വിഷയമാണെന്നും ഇതില്‍ യുജിസി ചട്ടം ബാധകമല്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജീവനക്കാരെ നിയമിച്ചത് ഈ ഗവര്‍ണറുടെ കാലത്തല്ല,  ഫോട്ടോഗ്രാഫര്‍ തസ്തിക സൃഷ്ടിച്ചിട്ടില്ല; കത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ