അപ്രഖ്യാപിത വിലക്കിനിടെ മലബാർ പര്യടനം തുടർന്ന് ശശി തരൂർ, ഇന്ന് കണ്ണൂരിൽ, വിവിധ പരിപാടികളിൽ പങ്കെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 08:20 AM  |  

Last Updated: 21st November 2022 08:20 AM  |   A+A-   |  

shashi_tharoor_new

ശശി തരൂര്‍/ഫയല്‍

 

കണ്ണൂർ; കോൺ​ഗ്രസിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മലബാർ പര്യടനം തുടർന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. ഇന്ന കണ്ണൂരിൽ സന്ദർശനം നടത്തുന്ന തരൂർ വിവിധ പരിപാടികളിൽ പങ്കെടുക്കും. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തുന്ന തരൂർ, തുടർന്ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. 

അതിനിടെ ശശി തരൂരിനെ വെച്ച് കണ്ണൂരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി വ്യക്തമാക്കി. 
കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തതിന് നടപടി ഭയക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കുന്നുണ്ട്.

കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എംപിയും വ്യക്തമാക്കി.

കോഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന 'സംഘപരിവാറും മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളികളും' എന്ന പരിപാടി കോണ്‍ഗ്രസ് ഉന്നതനേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. ശനിയാഴ്ച വൈകിട്ട് നിര്‍ദേശം വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടിയുടെ സംഘാടകരായി വരികയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

'സുധാകരന്‍ വിവരക്കേട് പറയുന്നു'; മാനനഷ്ടക്കേസ് കൊടുക്കും: സികെ ശ്രീധരന്‍​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ