തരൂര്‍ പാണക്കാട്ട്; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 09:25 AM  |  

Last Updated: 22nd November 2022 09:25 AM  |   A+A-   |  

shashi_tharoor

ശശി തരൂര്‍ പാണക്കാടെത്തിയപ്പോള്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് ബഹിഷ്‌കരണ വിവാദത്തിനിടെ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എംപി. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും എംകെ രാഘവന്‍ എംപിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മലപ്പുറത്ത് എത്തുമ്പോള്‍ തരൂരിന്റെ പാണക്കാട് സന്ദര്‍ശനം പതിവാണെന്നും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

രാവിലെ എട്ടരയോടെയാണ് തരൂര്‍ പാണക്കാട് എത്തിയത്. പാണക്കാട് സന്ദര്‍ശനത്തിന് ശേഷം, മലപ്പുറം ഡിസിസി ഓഫിസിലും തരൂര്‍ എത്തും. പെരിന്തല്‍മണ്ണയിലെ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവില്‍ സര്‍വിസ് അക്കാദമിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കും. 

ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ലെന്നാണ് കെപിസിസി നിര്‍ദേശം. സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കരുതെന്ന് ഡിസിസികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശശി തരൂര്‍ സമുന്നതനായ നേതാവാണ്. തരൂരിന് കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ എല്ലാ അവകാശമുണ്ട്. തരൂരിന് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ല. പൊതു പരിപാടികളില്‍ നിന്ന് തരൂരിനെ തടഞ്ഞെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും കെപിസിസി പ്രസിഡന്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ കത്ത് വിവാദം: വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്, കേസെടുക്കുന്നത് വ്യാജരേഖ ചമയ്ക്കലിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ