പതിനാറു വയസ്സെന്ന് പ്രതി; വിവാഹം കഴിഞ്ഞ 19കാരന്‍ എന്ന് പ്രോസിക്യൂഷന്‍, പ്രായം കണക്കാക്കാന്‍ ആധാര്‍ മതിയാകില്ലെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 08:23 AM  |  

Last Updated: 23rd November 2022 08:23 AM  |   A+A-   |  

High court

ഹൈക്കോടതി, ഫയല്‍ ചിത്രം


കൊച്ചി: ബാലനീതി നിയമപ്രകാരം പ്രായം കണക്കാക്കാന്‍ ആധാര്‍ കാര്‍ഡ് മതിയായ രേഖയല്ലെന്ന് ഹൈകോടതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ തദ്ദേശസ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ മാത്രമേ ഇതിനായി പരിഗണിക്കാവൂവെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അസം സ്വദേശിയുടെ ജാമ്യ ഹര്‍ജി തള്ളിയാണ് ഉത്തരവ്.

പീരുമേട്ടിലെ എസ്റ്റേറ്റില്‍ ജോലി ചെയ്യുമ്പോള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ ഹര്‍ജിക്കാരന്‍ ജൂണ്‍ മൂന്നിനാണ് അറസ്റ്റിലായത്. ആധാര്‍ കാര്‍ഡ് പ്രകാരം തനിക്ക് 16 വയസ്സേയുള്ളൂവെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.

2006 ജനുവരി രണ്ടാണ് ജനനത്തീയതിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ബാലനീതി നിയമപ്രകാരമുള്ള നടപടിയാണ് തനിക്കെതിരെ സ്വീകരിക്കേണ്ടതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇക്കാര്യം വ്യക്തമാക്കി അസം ആരോഗ്യവകുപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍, ഈ വാദത്തെ എതിര്‍ത്ത പ്രോസിക്യൂഷന്‍, പ്രതിയുടെ ജനനത്തീയതി 2003 ഫെബ്രുവരി 13 ആണെന്ന് തെളിയിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. ഇയാള്‍ വിവാഹിതനാണെന്നും 19 വയസ്സുണ്ടെന്നും വിശദീകരിച്ചു.

തുടര്‍ന്നാണ് പ്രതിയുടെ പ്രായം ഉറപ്പിക്കാന്‍ സ്‌കൂളോ തദ്ദേശ സ്ഥാപനമോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കോടതി വ്യക്തമാക്കിയത്. ഈ രണ്ട് രേഖയുടെയും അഭാവത്തില്‍ പ്രായം നിര്‍ണയിക്കാനുള്ള വൈദ്യപരിശോധനയാണ് നിയമത്തില്‍ നിര്‍ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് വിലയിരുത്തി ജാമ്യഹര്‍ജി തള്ളുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടും; ആദ്യ പട്ടികയില്‍ 85പേര്‍, പരിശോധനയ്ക്ക് മൂന്നംഗ സമിതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ