ഗൂഗിള്‍ നോക്കി കള്ളനോട്ടുണ്ടാക്കി; ലോട്ടറി കച്ചവടക്കാരനെ പറ്റിക്കാന്‍ ശ്രമം, അമ്മയും മകളും അറസ്റ്റില്‍

കള്ളനോട്ട് നല്‍കി ലോട്ടറി വാങ്ങിയ കേസില്‍ അമ്മയും മകളും അറസ്റ്റില്‍
വിലാസിനി, ഷീബ
വിലാസിനി, ഷീബ

കോട്ടയം: കള്ളനോട്ട് നല്‍കി ലോട്ടറി വാങ്ങിയ കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68) ,ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിലാസിനി കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെ ലോട്ടറി കടയില്‍ ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തുകയും, സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തുകയും കള്ളനോട്ട് ആണെന്ന് തിരിച്ചറിയുകയും, വിലാസിനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇവരുടെ പക്കല്‍നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെടുത്തു. തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വിലാസിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരുടെ മകള്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ്, ഇവര്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടില്‍ എത്തി മകള്‍ ഷീബയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ ഹാളിലെ കട്ടിലിനടിയില്‍ പത്രപേപ്പറില്‍ ഒളിച്ചു വച്ചിരുന്ന 500 രൂപയുടെ 31 വ്യാജ നോട്ടുകളും, 200 രൂപയുടെ 7 വ്യാജ നോട്ടുകളും, 100 രൂപയുടെ 4 വ്യാജ നോട്ടുകളും, 10 രൂപയുടെ 8 വ്യാജ നോട്ടുകളും കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പും, പ്രിന്ററും, സ്‌കാനറും കണ്ടെടുത്തു.

ഗൂഗിള്‍ നോക്കിയാണ് വ്യാജ കറന്‍സി ഉണ്ടാക്കാന്‍ പഠിച്ചതെന്ന് യുവതി വ്യക്തമാക്കി. വ്യാജ കറന്‍സി ഉണ്ടാക്കിതിനുശേഷം അമ്മയുടെ കയ്യില്‍ കൊടുത്തു വിട്ട് ലോട്ടറി കച്ചവടക്കാര്‍ക്കും, മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും ആയി സാധനങ്ങള്‍ വാങ്ങി അവയ്ക്കുള്ള വിലയായി വ്യാജ നോട്ട് കൊടുത്തു മാറുകയായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com