പ്രളയ കാലത്തെ അരി 'ഫ്രീ' അല്ല; 205.81 കോടി തിരിച്ചടക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 08:00 PM  |  

Last Updated: 25th November 2022 08:00 PM  |   A+A-   |  

center asking price

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: 2018ലെ പ്രളയത്തെ തുടർന്ന് നൽകിയ അരിയുടെ വില കേരളം ഉടൻ നൽകണമെന്ന് കേന്ദ്ര സർക്കാരിന്റെ അന്ത്യ ശാസനം. 205.81 കോടി രൂപയാണ് സംസ്ഥാനം കേന്ദ്രത്തിന് നൽകേണ്ട തുക. ഈ തുക തിരിച്ചടച്ചില്ലെങ്കിൽ വരും വര്‍ഷത്തെ സബ്സിഡിയില്‍ നിന്ന് തിരിച്ചു പിടിക്കുമെന്നു കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

നിർദേശത്തിനു വഴങ്ങി പണം തിരിച്ചടക്കാന്‍ കേരളം തീരുമാനിച്ചു. പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചു.

2018ലെ പ്രളയ കാലത്ത് 89,540 മെട്രിക്ക് ടൺ അരിയാണ് എഫ്സിഐ വഴി കേരളത്തിനു നൽകിയത്. ഇതിന്റെ പണമടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് നിരവധി തവണ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച നിരവധി കത്തിടപാടുകള്‍ കേന്ദ്രവും കേരളവും തമ്മില്‍ നടന്നിട്ടുമുണ്ട്. 

പ്രളയ സഹായത്തിനു പണം ഈടാക്കരുത് എന്നു സംസ്ഥാന സർക്കാർ നേരത്തെ അഭ്യർഥിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ജൂലായില്‍ ഈ പണമടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ തന്നെ കേരളത്തിന് കത്തെഴുതി. പണം തിരിച്ചടക്കുന്നില്ലെങ്കിൽ റിക്കവറി വേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ കത്തിൽ വ്യക്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; 7 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ