ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനും നാലിനും ആഘോഷിക്കും

ഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബർ നാലിന് ദേവസ്വം വക വിളക്കാഘോഷം
ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ
ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ

തൃശൂർ: ​​ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്ന്, നാല് തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം തന്ത്രി പിസി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും അഭിപ്രായം പരിഗണിച്ച് ദേവസ്വം ഭരണസമിതി ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. 

ഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബർ നാലിന് ദേവസ്വം വക വിളക്കാഘോഷം. മൂന്നിനും നാലിനും ഏകാദശി പ്രസാദ ഊട്ടും ഉണ്ടാകും. ഗജരാജൻ കേശവൻ അനുസ്മരണം നേരത്തെ നിശ്ചയിച്ചതു പോലെ ഡിസംബർ രണ്ടിന് നടത്തും. ചെമ്പൈ സംഗീതോത്സവം ഡിസംബർ മൂന്നിന് സമാപിക്കും. 

ഇത്തവണ സാധാരണയിൽ നിന്ന് ഭിന്നമായി രണ്ട് ദിവസമായാണ് ഏകാദശി വരുന്നത്. 57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബർ മൂന്നിനാണ്. അന്ന് ഏകാദശി ആഘോഷിക്കാനാണ്  നേരത്തെ നിശ്ചയിച്ചിരുന്നത്. 

പിന്നീട് ജ്യോതിഷ പണ്ഡിതൻമാരുടെയും വൈദികരുടെയും അഭിപ്രായം കൂടി പരിഗണിച്ച് 1992- 93 വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് ഇത്തവണ ഡിസംബർ നാലിനും ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ വിളക്ക് നടത്താനും ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. 

ദ്വാദശി പണ സമർപ്പണം ഡിസംബർ നാലിന്രാത്രി 12 മണി മുതൽ ഡിസംബർ അഞ്ച് രാവിലെ ഒൻപത് മണി വരെ നടക്കും.
ത്രയോദശി ഊട്ട് ഡിസംബർ ആറിന് നടത്തും. എകാദശി ദിവസങ്ങളിൽ കാലത്ത് ആറ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുവായ ക്യൂവിൽ നിന്നുള്ള ദർശനം മാത്രമേ ഉണ്ടാകൂ. ചോറൂൺ കഴിഞ്ഞ് വരുന്നവർക്കുള്ള പ്രത്യേക ദർശനവും ഉണ്ടാകില്ല. ശ്രീലകത്ത് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള പ്രത്യേക ദർശനം അനുവദിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com