"സ്പോർട്സ് വേറെ മതം വേറെ, ‌കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട"; സമസ്തയെ തള്ളി കായിക മന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 09:41 PM  |  

Last Updated: 25th November 2022 09:41 PM  |   A+A-   |  

abdurahiman

വി അബ്ദുറഹിമാന്‍ ചിത്രം / ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: കായികം മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ നിലപാട് തള്ളിയാണ് മന്ത്രിയുടെ അഭിപ്രായം. സ്പോർട്സ് വേറെ മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും, മന്ത്രി പറഞ്ഞു. 

സമസ്തയുടെ ഖുത്വബാ കമ്മറ്റി നിര്‍ദേശത്തിനിതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്നാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്. 'ഞങ്ങള്‍ ഫുട്‌ബോളിനെ എതിര്‍ത്തിട്ടില്ല. അതിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടുകൂടി കാണണം. അതിനപ്പുറം അതൊരു ജ്വരവും ലഹരിയുമായി മാറുന്നത് നല്ലൊരു പ്രവണതയല്ല. ഒന്നാമത്തെ കാരണം ഒരു ഫുട്‌ബോള്‍ മത്സരത്തെ കായികമായി കാണുകയും, ശാരീരികമായി ഉന്മേഷത്തിനും അതിന്റെ ലൈനിലൂടെ ആ കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ക്ക് പ്രോത്സാഹിപ്പിക്കുകയും മാറിനില്‍ക്കേണ്ടവര്‍ക്ക് മാറി നില്‍ക്കുകയും ചെയ്യാം. എന്നാല്‍ ഫുട്‌ബോള്‍ ജ്വരമായി മാറുന്നതും താരാരാധനയായി മാറന്നതും നല്ല പ്രവണതയല്ല' നാസര്‍ ഫൈസി പറഞ്ഞു. താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്താണെന്നും ഇന്ത്യയെ ഒരുകാലത്ത് അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതേ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും; പോര്‍ച്ചുഗലിനെ പിന്തുണയ്ക്കുന്നത് തെറ്റ്; ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ