കടല്‍ക്കൊലക്കേസ്; ബോട്ടിലുണ്ടായ 9 മത്സ്യത്തൊഴിലാളികള്‍ക്കും 5 ലക്ഷം രൂപ വീതം നല്‍കണം: സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 08:56 AM  |  

Last Updated: 26th November 2022 08:56 AM  |   A+A-   |  

enrica

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട എൻ‌റിക്ക ലെക്സി കടൽക്കൊലക്കേസിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് 5 ലക്ഷം രൂപ വീതം നൽകാൻ സുപ്രീംകോടതി നിർദേശം. ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുകയിൽ നിന്ന് 5 ലക്ഷം രൂപ വീതം നൽകാനാണ് സുപ്രീം കോടതി ഉത്തരവ്. 

9 മത്സ്യത്തൊഴിലാളികളാണ് തങ്ങൾക്ക് നഷ്ടപരിഹാര തുകയിൽ അർഹതയുണ്ടെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. ഇവർ നൽകിയ ഹർജിയിൽ ജഡ്ജിമാരായ എം ആർ ഷാ, എം എം സുന്ദരേശ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 2 കോടി തുല്യമായി വീതിച്ച് ബോട്ടുടമയ്ക്കും തങ്ങൾക്കും 20 ലക്ഷം രൂപ വീതം നൽകണം എന്നാണ് 9 മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടത്. എന്നാൽ ഇതു കോടതി അംഗീകരിച്ചില്ല. 

ഇതോടെ സെന്റ് ആന്റണീസ് ബോട്ടുടമ തമിഴ്നാട് സ്വദേശി ഫ്രെഡി ജോൺ ബോസ്കോയുടെ നഷ്ടപരിഹാരത്തുക 2 കോടി രൂപയിൽനിന്ന് 1.55 കോടിയായി കുറയും. മത്സ്യത്തൊഴിലാളികളുടെ അപേക്ഷയിൽ തീർപ്പാകുന്നതു വരെ നഷ്പരിഹാര തുക ബോട്ടുടമയ്ക്ക് കൈമാറുന്നത് സുപ്രീം കോടതി ത‍‍ടഞ്ഞിരുന്നു. 2012ലാണ് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നത്. മരിച്ച 2 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കുമായി നഷ്ടപരിഹാരത്തുകയായ 10 കോടി രൂപ വീതിച്ചു നൽകാനായിരുന്നു കേരള ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചത്. 

കൊല്ലം മൂതാക്കര സ്വദേശി ജലസ്‌റ്റിൻ, തിരുവനന്തപുരം കളിയാക്കാവിള സ്വദേശി അജീഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് 4 കോടി രൂപ വീതം നൽകി. ബോട്ടുടമയ്ക്ക് അനുവദിച്ച ബാക്കി 2 കോടിയിലാണ് അവകാശവാദം ഉയർന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗുരുവായൂരില്‍ അന്നദാന ക്യൂവില്‍ നിന്ന് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 12 വര്‍ഷം തടവ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ