കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരത്തില്‍ മലയാളി തിളക്കം; സദനം കൃഷ്ണന്‍കുട്ടിക്കും ടി വി ഗോപാലകൃഷ്ണനും ഫെലോഷിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 09:26 AM  |  

Last Updated: 26th November 2022 09:26 AM  |   A+A-   |  

sadanam_krishnan_kutty-tv_gopala_krishnan

സദനം കൃഷ്ണന്‍കുട്ടി, ടി വി ഗോപാലകൃഷ്ണന്‍

 

ന്യൂഡല്‍ഹി: കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടിക്കും പ്രമുഖ സംഗീതജ്ഞന്‍ ടി വി ഗോപാലകൃഷ്ണനും കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ്. ഡല്‍ഹിയില്‍ നടന്ന സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സിലിലാണ് ഇവരടക്കം പത്തുപേര്‍ക്ക് ഫെലോഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ ഫെലോ പദവി രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും. 

2019,2020,2021 വര്‍ഷങ്ങളിലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പാലാ സി കെ രാമചന്ദ്രന്‍ (കര്‍ണാടക സംഗീതം), തിരുവനന്തപുരം വി സുരേന്ദ്രന്‍ (മൃദംഗം), നിര്‍മല പണിക്കര്‍ (മോഹിനിയാട്ടം), എന്നിവര്‍ 2019ലെ പുരസ്‌കാരത്തിന് അര്‍ഹരായി. 

തായമ്പകയില്‍ പെരുവനം കുട്ടന്‍ മാരാരും കഥകളിയില്‍ കോട്ടക്കല്‍ നന്ദകുമാരന്‍ നായരും 2019ലെ പുരസ്‌കാരത്തിന് അര്‍ഹരായി. ഉത്പല്‍ കെ ബാനര്‍ജി, റീത്ത രാജന്‍ എന്നിവര്‍ക്കാണ് 2019ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. 2020ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് മഹേഷ് ചമ്പക്ലാല്‍, നന്ദകിഷോര്‍ കപോട്ടെ എന്നിവര്‍ അര്‍ഹരായി. 

കഥകളിയില്‍ ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള, മോഹിനിയാട്ടത്തില്‍ നീന പ്രസാദ്, കൂടിയാട്ടത്തില്‍ കലാമണ്ഡലം ഗിരിജ എന്നിവര്‍ 2021ലെ അക്കാദമി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. വിഭാ ദധീച്, പ്രേംചന്ദ് ഹോമ്പല്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.

5 മലയാളികള്‍ക്ക് അമൃത് പുരസ്‌കാരം 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സംഗീത നാടക അക്കാദമി നല്‍കുന്ന അമൃത് അവാര്‍ഡ് കേരളത്തില്‍നിന്ന് അഞ്ചുപേര്‍ക്ക്. സി എല്‍ ജോസ് (നാടകരചന), എന്‍ അപ്പുണ്ണി തരകന്‍ (കഥകളി ചമയം), കലാക്ഷേത്ര വിലാസിനി (ഭരതനാട്യം), കലാമണ്ഡലം പ്രഭാകരന്‍ (ഓട്ടന്‍തുള്ളല്‍), മാങ്ങാട് നടേശന്‍ (ശാസ്ത്രീയ സംഗീതം) എന്നിവര്‍ക്കാണ് കേരളത്തില്‍നിന്ന് അവാര്‍ഡ്. ലക്ഷദ്വീപില്‍നിന്ന് അബൂസല മായംപ്പൊക്കട (ഫോക്ക്)യ്ക്കും പുരസ്‌കാരമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ ഏഴു ദിവസത്തിനുള്ളില്‍ വീടൊഴിയണം; എസ് രാജേന്ദ്രന് സബ് കലക്ടറുടെ നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ