അച്ഛന്റെ ജീവൻ അപകടത്തിൽ; കരൾ പകുത്തുനൽകാൻ അനുമതി വേണം, പതിനേഴുകാരി ഹൈക്കോടതിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 27th November 2022 07:50 AM |
Last Updated: 27th November 2022 07:50 AM | A+A A- |

ഹൈക്കോടതി, ഫയല്‍ ചിത്രം
കൊച്ചി: ഗുരുതര കരൾ രോഗം ബാധിച്ച പിതാവിന് കരൾ പകുത്തുനൽകാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതി തേടി പതിനേഴുകാരിയുടെ ഹർജി. അവയവമാറ്റ നിയന്ത്രണ നിയമപ്രകാരം പ്രായപൂർത്തിയാകാതെ അവയവദാനം സാധ്യമല്ലാത്ത സാഹചര്യത്തിലാണ് തൃശൂർ കോലഴി സ്വദേശിയായ പെൺകുട്ടി കോടതിയെ സമീപിച്ചത്.
കരൾ കിട്ടാൻ അനുയോജ്യനായ ദാതാവിനായി ഒട്ടേറെ ശ്രമം നടത്തിയെങ്കിലും ലഭ്യമായില്ലെന്ന് ഹർജിയിൽ പറയുന്നു. ഇനിയും കാത്തിരുന്നാൽ പിതാവിന്റെ ജീവൻ അപകടത്തിലാകുന്ന അവസ്ഥയാണ്. തന്റെ കരൾ അനുയോജ്യമാണെന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ബോധ്യമായെങ്കിലും മനുഷ്യാവയവങ്ങൾ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട 1994ലെ നിയമത്തിലെ വകുപ്പ് പ്രകാരം പ്രായപൂർത്തിയായിട്ടില്ലാത്തത് അവയവദാനത്തിന് തടസ്സമാണ്. അതിനാൽ, പ്രത്യേക സാഹചര്യം പരിഗണിച്ച് അനുമതി നൽകണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം വേണമെന്നായിരുന്നു സർക്കാർ വാദം. ജീവിച്ചിരിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ അവയവങ്ങൾ നീക്കരുതെന്നാണ് നിയമം. എങ്കിലും ആവശ്യം ന്യായമെന്ന ബോധ്യത്തിന്റെയും പ്രത്യേക അധികാരമുള്ള അതോറിറ്റിയുടെ മുൻകൂർ അനുമതിയുടെയും അടിസ്ഥാനത്തിൽ ഇവർക്കും പ്രത്യേക അനുമതി നൽകുന്ന വിധം വ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നുണ്ട്. ഈ വ്യവസ്ഥ പ്രകാരം അനുമതി തേടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും സർക്കാറിനും അപേക്ഷ നൽകിയതായി ഹർജിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഏകീകൃത കുര്‍ബാന തര്‍ക്കം: കൊച്ചിയില്‍ പള്ളിയില്‍ സംഘര്‍ഷം, ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ