ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം: സെന്റ് മേരീസ് ബസിലിക്ക അടച്ചിടും; പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 02:59 PM  |  

Last Updated: 27th November 2022 03:08 PM  |   A+A-   |  

church_clash

ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം/ പിടിഐ ചിത്രം

 

കൊച്ചി: ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കമുണ്ടായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക അടച്ചിടാന്‍ പൊലീസിന്റെ തീരുമാനം. പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 

ഇതിനായി പൊലീസ് ജില്ലാ ഭരണകൂടത്തിന് ശുപാര്‍ശ നല്‍കും. ഇതില്‍ തീരുമാനം ഉണ്ടാകുന്നതു വരെ പള്ളി അടച്ചിടാനാണ് തീരുമാനം. രാവിലെ ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഒരു വിഭാഗം തടഞ്ഞു. 

ഏകീകൃത കുര്‍ബ്ബാന ചൊല്ലാന്‍ ബിഷപ്പിനെ അനുവദിക്കില്ലെന്ന നിലപാടെടുത്ത് വിമതപക്ഷം ബസിലിക്ക അകത്ത് നിന്ന്  പൂട്ടുകയും ചെയ്തു. ഇതിനിടെ ആര്‍ച്ച് ബിഷപ്പിന് സംരക്ഷണവുമായി മറുവിഭാഗം എത്തിയതോടെ പള്ളിക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതേത്തുടര്‍ന്ന് കുര്‍ബാന ചൊല്ലാതെ ആര്‍ച്ച് ബിഷപ്പ് മടങ്ങിപ്പോവുകയായിരുന്നു.