പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അടുത്തമാസം: മന്ത്രി പി രാജീവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2022 11:47 AM |
Last Updated: 28th November 2022 11:47 AM | A+A A- |

കേരള ബാംബൂ ഫെസ്റ്റ് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് ഉത്ഘാടനം ചെയ്യുന്നു
കൊച്ചി: പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോം അടുത്ത മാസം വരുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കെല്‍ട്രോണ്‍ മുന്‍കൈ എടുത്താണ് പ്ലാറ്റ് ഫോം രൂപീകരിക്കുന്നത്. ഈ പ്ലാറ്റ് ഫോം വഴി ബാംബൂ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം മൈതാനത്തില്‍ വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 19ാമത് കേരള ബാംബൂഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 92000 സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. 5400 കോടിയുടെ നിക്ഷേപം വന്നു. രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു. ഇതൊരു ചരിത്ര നേട്ടമാണ്. മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും സംരംഭക വര്‍ഷം പദ്ധതുയുടെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ബാംബൂ എന്ന പേരില്‍ മുളയെ കേരള ബ്രാന്‍ഡ് എന്ന രീതിയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
നവംബര്‍ 27 മുതല്‍ ഡിസംബര്‍ 4 വരെയാണ് ബാംബൂ ഫെസ്റ്റ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മുതല്‍ രാത്രി 9 മണി വരെയുമാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 300 ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിക്കുന്ന ഡിസൈന്‍ വര്‍ക്ക് ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകല്‍പ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറി ഫെസ്റ്റിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം മുള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും മേളയില്‍ ഉണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ