വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം: അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; നഷ്ടം സമരക്കാരില്‍ നിന്നും ഈടാക്കണമെന്ന് സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 28th November 2022 08:57 AM |
Last Updated: 28th November 2022 08:57 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സമരക്കാരില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സമരം കാരണം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നുവെന്നാണ് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിച്ച ബാര്‍ജുകളുള്‍പ്പെടെ നിര്‍മാണ സാമഗ്രികള്‍ സംസ്ഥാനത്തിന്റെ പല തുറമുഖങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
ഇതുമൂലം ഇവയുടെ വാടകയിനത്തിലും ദിവസവും ലക്ഷങ്ങളാണ് നഷ്ടം വരുന്നതെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന് (വിസില്‍) അദാനി ഗ്രൂപ്പ് നേരത്തേ കത്ത് നല്‍കിയിരുന്നു. പ്രതിഷേധം കാരണമുണ്ടായ നഷ്ടപരിഹാരമായി പൊതുപണം നല്‍കേണ്ടെന്നും സമരക്കാരില്‍നിന്ന് ഈടാക്കാനുമാണ് വിസില്‍ ശുപാര്‍ശ ചെയ്തത്.
നഷ്ടപരിഹാരം സമരക്കാരില്‍നിന്ന് ഈടാക്കണമെന്ന ശുപാര്‍ശ അംഗീകരിക്കാന്‍ തുറമുഖ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് സമരം കാരണം അദാനി ഗ്രൂപ്പിന് ഉണ്ടായ 200 കോടിയുടെ നഷ്ടം സമരക്കാരില്‍ നിന്നും ഈടാക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ അക്രമസംഭവങ്ങളും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ