കോളജുകളുടെ സമയം രാത്രി എട്ടുവരെ; അധ്യാപകര്‍ക്ക് ഷിഫ്റ്റ്, നിര്‍ദേശം മുന്നോട്ടുവച്ച് മന്ത്രി ആര്‍ ബിന്ദു
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th November 2022 09:39 PM |
Last Updated: 29th November 2022 09:39 PM | A+A A- |

ഡോ.ആര്‍ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അധ്യാപകരുടെ ജോലി സമയം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കുവേണ്ടി കോളജ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാക്കി ഷിഫ്റ്റ് സമ്പ്രദായം കൊണ്ടുവന്നാല്‍ അധ്യാപകര്‍ക്ക് സ്വന്തം ഗവേഷണത്തിനും സമയം കണ്ടെത്താനാകും. ശനിയാഴ്ച കൂടി പ്രവൃത്തി ദിവസമാക്കുന്നതും ആലോചിക്കാം.
പുതിയ കരിക്കുലവും സിലബസും വരുമ്പോള്‍ അധ്യാപകരുടെ ജോലി ഭാരത്തെ ബാധിക്കുമോ എന്ന ആശങ്ക വേണ്ട. നിലവിലുള്ള അധ്യാപകരെ ഉള്‍ക്കൊണ്ടുതന്നെ കോഴ്‌സ് കോമ്പിനേഷന്‍ രൂപപ്പെടുത്താനാകും. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ഉപരിപഠനത്തിന് പോകാന്‍ നാലുവര്‍ഷ ബിരുദ കോഴ്‌സ് വേണമെന്നതിനാല്‍ കൂടിയാണ് അതിനുള്ള അവസരം ഒരുക്കുന്നത്. ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകള്‍ തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നല്‍കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നെന്നതില്‍ ഒരുപരിധിവരെ വസ്തുതയുണ്ട്. അധ്യാപകരുടെ ഏകാധിപത്യത്തില്‍നിന്ന് ക്ലാസ് മുറികളെ മോചിപ്പിക്കണം. വിദ്യാര്‍ഥികള്‍ക്ക് സര്‍ഗാത്മക പ്രകടനത്തിനുള്ള വേദി കൂടിയാകണം ക്ലാസ് മുറികള്‍.
കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ ചാവി കൊടുത്താല്‍ ഓടുന്ന പാവകളോ ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങളോ ആയല്ല പുറത്തിറങ്ങേണ്ടത്. കോഴ്‌സുകളുടെ തെരഞ്ഞെടുപ്പില്‍ കുട്ടികള്‍ക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കണം. കോഴ്‌സ് ഇടക്കുവെച്ച് മുറിഞ്ഞുപോകുന്ന കുട്ടിക്ക് തിരികെ വരാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ നൂറ്റാണ്ടില്‍ ആദ്യം; ചങ്ങനാശ്ശേരി എസ്ബി കോളജില്‍ വനിതാ ചെയര്‍ പേഴ്‌സണ്‍, ചരിത്രമെഴുതി എസ്എഫ്‌ഐ, എംജി സര്‍വകലാശാലയില്‍ വന്‍ വിജയം
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ