വിഴിഞ്ഞം സമരം: സംസ്ഥാനത്തൊട്ടാകെ പൊലീസിനു ജാഗ്രതാ നിര്‍ദേശം, അവധിക്കു നിയന്ത്രണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th November 2022 12:03 PM |
Last Updated: 29th November 2022 12:03 PM | A+A A- |

പ്രതിഷേധക്കാര്‍ തകര്‍ത്ത വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ പരിശോധന നടത്തുന്നു/ബിപി ദീപു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ജാഗ്രത പാലിക്കാന്‍ പൊലീസിനു നിര്‍ദേശം. തീരദേശ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ജാഗ്രത ശക്തമാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ നിര്‍ദേശം നല്‍കി.
വിഴിഞ്ഞത്തു പൊലീസ് സ്റ്റേഷനു നേരെ അക്രമമുണ്ടായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. കലാപസമാനമായ സാഹചര്യം നേരിടാന്‍ സജ്ജമാവാനാണ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. റേഞ്ച് ഡിഐജിമാര്‍ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തണം. പൊലീസ് ഉദ്യോഗസ്ഥരുടെ അവധിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ അവധി വേണ്ടവര്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടണം. അക്രമ സാധ്യത കണക്കിലെടുത്ത് സ്‌പെഷല്‍ ബ്രാഞ്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അതിനിടെ, വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്റെ ചുമതലകള്‍.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ് വിഴിഞ്ഞത്തിന് മാത്രമായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. എട്ടു ഡിവൈഎസ്പിമാരും, സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ആള്‍ക്കൂട്ടം നിയന്ത്രിച്ച് പരിചയമുള്ള െ്രെകംബ്രാഞ്ച്, ലോ ആന്റ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സംഘത്തിലേക്ക് നിയോഗിക്കുക.
ക്യാമ്പുകളില്‍ നിന്നുള്ള പൊലീസുകാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. വിഴിഞ്ഞം ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്. സമരപ്പന്തലുകളിലും വിഴിഞ്ഞം ജംഗ്ഷനിലുമായി അറുനൂറിലേറെ പൊലീസിനെ അധികമായി വിന്യസിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ