യുവതിയെയും മകളെയും കാണാതായത് കൊലപാതകം; കാമുകന്‍ കടലില്‍ തള്ളിയിട്ടു കൊന്നു, തെളിഞ്ഞത് പതിനൊന്ന് വര്‍ഷത്തിന് ശേഷം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 03:49 PM  |  

Last Updated: 29th November 2022 07:47 PM  |   A+A-   |  

divya

ദിവ്യയും മകള്‍ ഗൗരിയും

 

തിരുവനന്തപുരം: പൂവച്ചലില്‍ നിന്ന് പതിനൊന്നുവര്‍ഷം മുമ്പ് കാണാതായ യുവതിയും മകളും കൊല്ലപ്പെട്ടെന്ന് തെളിഞ്ഞു. പൂവച്ചല്‍ സ്വദേശി ദിവ്യയെയും ഒന്നര വയസ്സുകാരിയായ മകള്‍ ഗൗരിയെയും കാമുകന്‍ മാഹീന്‍കണ്ണ് കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു.

2011 ഓഗസ്റ്റ് 11നാണ് വിദ്യ എന്ന് വിളിക്കുന്ന ദിവ്യയെയും മകളെയും കാണാതാകുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. ദിവ്യയും കാമുകന്‍ മാഹിന്‍കണ്ണും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന ദിവ്യയുടെ കുടുംബത്തിന്റെ ആവശ്യം മാഹിന്‍കണ്ണ് സമ്മതിച്ചില്ല.  ഇയാള്‍ പിന്നീട് വിദേശത്തേക്ക് പോയി. 

കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിവ്യയുടെ മാതാവ് പലപ്പോഴായി പൊലീസിനെ സമീപിച്ചിരുന്നു. രണ്ടുമാസം മുന്‍പ് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ, കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

മാഹിന്‍ കണ്ണിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ദിവ്യയെയും മകളെയും തമിഴ്‌നാട്ടില്‍ എത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍ കളഞ്ഞെന്ന് മാഹിന്‍കണ്ണ് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ഊരൂട്ടമ്പലത്തിലാണ് ദിവ്യയും മാഹിന്‍കണ്ണും താമസിച്ചിരുന്നത്. പെട്ടെന്ന് ഒരുദിവസം ദിവ്യയെയും മകളെയും കാണാതായി എന്നായിരുന്നു മാഹിന്‍കണ്ണ് തുടക്കം മുതല്‍ പറഞ്ഞിരുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; പീഡിപ്പിച്ചത് ബൈക്ക് ടാക്‌സി ഡ്രൈവറും കൂട്ടുകാരനും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ