യുവാവിനെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചിട്ടു; മുഖ്യപ്രതി പിടിയില്‍; രണ്ടുപേര്‍ക്കായി തിരച്ചില്‍

നാഭിക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പൊലീസ്
ബിന്ദുകുമാര്‍/ടിവി ദൃശ്യം
ബിന്ദുകുമാര്‍/ടിവി ദൃശ്യം

ആലപ്പുഴ: ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ മുഖ്യപ്രതി മുത്തുകുമാര്‍ പിടിയില്‍. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. നാഭിക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശി ബിന്ദുകുമാറാണ് കൊല്ലപ്പെട്ടത്. 

കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് പ്രതി മുത്തുകുമാറിനെ പൊലീസ് പിടികൂടിയത്. കൊലപാതകം നടത്താന്‍ മുത്തുകുമാറിനെ സഹായിച്ച രണ്ടുപേര്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ മുത്തുകുമാറിന്റെ വീട്ടില്‍നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിടുകയും പിന്നീട് കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. 


ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28-ാം തീയതി ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നുവെന്നും വ്യക്തമായി. തുടര്‍ന്നാണ് ബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുത്തുകുമാറിനെ കണ്ടെത്താനായില്ലെങ്കിലും ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായി മനസിലാക്കിയിരുന്നു. വീടിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന ഭാഗത്താണ് തറ പൊളിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് യുവാവിനെ കൊന്ന് കുഴിച്ചു മൂടിയിരിക്കാമെന്ന സംശയമുണര്‍ന്നത്. തുടര്‍ന്ന് ആര്‍.ഡി.ഒ.യുടെ അനുമതിയോടെ പൊലീസ് വീട്ടിലെ തറ പൊളിച്ച് പരിശോധിക്കുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com