ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പെയിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം സംഘടിപ്പിക്കുക
ലോ​ഗോ പുറത്തിറക്കുന്നു/ ഫയൽ
ലോ​ഗോ പുറത്തിറക്കുന്നു/ ഫയൽ

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന ക്യാമ്പെയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം സംഘടിപ്പിക്കുക. 

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നത്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ചടങ്ങ് നടക്കും.   ജനപ്രതിനിധികളും സംഘടനകളും കൂട്ടായ്മകളും പ്രതിനിധികളും കലാകായിക പ്രതിഭകളുമെല്ലാം ഓരോ കേന്ദ്രത്തിലും പരിപാടികളില്‍ പങ്കെടുക്കും.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെയും സ്‌കൂള്‍ തലം വരെയും ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് കുട്ടികളുടെ ക്ലാസ് റൂം ഡിബേറ്റുകളും നടക്കും. എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും ഓരോ ക്ലാസ്‌റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും.

ഒക്ടോബര്‍ 6, 7 തീയതികളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും. ഒക്ടോബര്‍ 8 മുതല്‍ 12 വരെ ക്ലബ്ബുകള്‍, ഹോസ്റ്റലുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. 

ഒക്ടോബര്‍ 9ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളും ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിലും ലഹരി വിരുദ്ധ പ്രചാരണം ഉള്‍പ്പെടുത്തും. ഒക്ടോബര്‍ 2മുതല്‍ 14 വരെയാണ് പരിപാടി. പട്ടികജാതി പട്ടികവര്‍ഗ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിന്‍ പ്രൊമോട്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകമായി നടത്തും.

ഒക്ടോബര്‍ 14ന് ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, ടൗണുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും. ഒക്ടോബര്‍ 16ന് വൈകിട്ട് 4 മുതല്‍ 7വരെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രതാ സദസ് സംഘടിപ്പിക്കും.

അതിഥി തൊഴിലാളികള്‍ക്കിടയിലും വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും ശക്തമാക്കും. ഒക്ടോബര്‍ 15 മുതല്‍ 22 വരെയാണ് ഈ ക്യാമ്പയിന്‍.

ഒക്ടോബര്‍ 16 മുതല്‍ 24 വരെ തീരദേശ മേഖലയിലും പ്രത്യേകമായ പ്രചാരണം വിവിധ സംഘടനകളുടെയും ഫിഷറിസ് വകുപ്പിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കും.

ഒക്ടോബര്‍ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 22ന് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ ദീപം തെളിക്കല്‍ നടക്കും. ഒക്ടോബര്‍ 23, 24 തീയതികളില്‍ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയിക്കും. വ്യാപാരികളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25ന് വ്യാപാര സ്ഥാപനങ്ങളിലും പരിപാടി സംഘടിപ്പിക്കും.

ഒക്ടോബര്‍ 28ന് എന്‍സിസി, എന്‍എസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കും. സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടവും, ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കായിക മത്സരങ്ങളും നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിള്‍ റാലി സംഘടിപ്പിക്കും. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിപുലമായ ക്വിസ് മത്സരവും നടത്തുന്നുണ്ട്.

നവംബര്‍ ഒന്നിനാണ് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വൈകിട്ട് മൂന്നുമണിക്ക് പൊതുജനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിക്കും. പ്രതിജ്ഞ ചൊല്ലലും ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചുമൂടലും പരിപാടിയുടെ ഭാഗമായി നടക്കും. സ്‌കൂളുകള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്രത്തിലാകും പരിപാടി. ജനപ്രതിനിധികള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ ഓരോ കേന്ദ്രത്തിലും പങ്കെടുക്കും. പദ്ധതിയുടെ പ്രചാരണാര്‍ഥം ഒക്ടോബര്‍ 30, 31 തീയതികളില്‍ വ്യാപകമായ വിളംബരജാഥകള്‍ സംഘടിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com