ശാന്തിവനവും ഉത്തരയും തനിച്ചായി, മീന മേനോന്‍ അന്തരിച്ചു

എറണാകുളം നോര്‍ത്ത് പറവൂരിലെ വിവാദമായ ശാന്തിവനത്തിന്റെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം പ്രതിഷേധവും നിയമപോരാട്ടങ്ങളും നടത്തിയ വ്യക്തിയാണ് മീന
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കൊച്ചി; പരിസ്ഥിതി പ്രവര്‍ത്തക മീന ശാന്തിവനം അന്തരിച്ചു. 52 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ പിറന്നാൾ ദിനത്തിലായിരുന്നു വിയോ​ഗം. എറണാകുളം നോര്‍ത്ത് പറവൂരിലെ വിവാദമായ ശാന്തിവനത്തിന്റെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം പ്രതിഷേധവും നിയമപോരാട്ടങ്ങളും നടത്തിയ വ്യക്തിയാണ് മീന മേനോന്‍.

തുണ്ടപ്പറമ്പ് പരേതരായ രവീന്ദ്രന്റേയും സാവിത്രിയുടേയും മകളായ മീന അച്ഛൻ കാത്തുസൂക്ഷിച്ച ശാന്തിവനം പരിപാലിക്കാനാണ് ജീവിതം മാറ്റിവച്ചത്. പറവൂരിലെ വഴിക്കുളങ്ങരയിലാണ് രണ്ടേക്കറോളമുള്ള ശാന്തിവനം സ്ഥിതിചെയ്യുന്നത്. നാലു കാവുകളും കുളങ്ങളും വൃക്ഷ‌ങ്ങളും നിറഞ്ഞതാണ് ശാന്തിവനം. കാടിന്റെ അന്തരീക്ഷമുള്ള ശാന്തിവനത്തിലെ പഴയ വീട്ടിൽ മകൾ ഉത്തരയ്ക്കൊപ്പമാണ് മീന താമസിച്ചിരുന്നത്. ആലുവ യുസി കോളജിൽ ഡി​ഗ്രി വിദ്യാർത്ഥിയാണ് ഉത്തര. 

വഴിക്കുളങ്ങര ശാന്തിവനത്തിന് നടുവിൽ 110 കെവി ടവര്‍ നിര്‍മ്മിക്കാനുള്ള കെഎസ്ഇബിയുടെ നീക്കം വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പ്രകൃതി സ്നേഹികൾ ഒത്തുചേർന്ന് ഒട്ടേറെ സമരങ്ങൾ നടത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി മരങ്ങള്‍ മുറിച്ച് ടവർ സ്ഥാപിച്ചു. തന്റെ മുടി മുറിച്ചുകൊണ്ടായിരുന്നു മീന ഇതിനെതിരെ പ്രതിഷേധിച്ചത്. ടവർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം പൂർണമായി മീനയ്ക്ക് കിട്ടിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com