"എന്നെ കൊല്ലാൻ നോക്കി, ദേഹത്ത് കയറി ഇരുന്ന് അടിച്ചു"; ഭർതൃവീട്ടുകാർക്കെതിരെ മൂത്ത മരുമകളും 

തന്റെ അതേ അനുഭവം തന്നെയാണ് അനിയത്തിക്കും ഉണ്ടായിരിക്കുന്നതെന്ന് വിമി
വിമി / ടെലിവിഷൻ ദൃശ്യം
വിമി / ടെലിവിഷൻ ദൃശ്യം

കൊല്ലം: യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീടിന് പുറത്താക്കിയ സംഭവത്തിൽ അമ്മായിയമ്മയ്ക്കെതിരെ മൂത്ത മരുമകളും രം​ഗത്ത്. തന്നെ കൊല്ലാൻ നോക്കിയെന്നും വാടകവീട്ടിലടക്കം എത്തി ഉപദ്രവിച്ചെന്നുമാണ് അതുല്യയുടെ ഭർതൃസഹോദരന്റെ ഭാര്യ വിമി പറഞ്ഞത്. തന്റെ അതേ അനുഭവം തന്നെയാണ് അനിയത്തിക്കും ഉണ്ടായിരിക്കുന്നതെന്ന് വിമി പറഞ്ഞു.  

"എന്റെ അതേ അനുഭവം തന്നെയാണ് ഇപ്പോൾ അനിയത്തിക്കും ഉണ്ടായിരിക്കുന്നത്. എന്നെയും വീടിന് പുറത്താക്കിയിരുന്നു. ഒരു ദിവസം ഭർത്താവാണ് വീടിന് പുറത്താക്കിയത്. അന്ന് പൊലീസ് ഇടപെട്ടാണ് അകത്ത് കയറിയത്. പിന്നീടൊരു ദിവസം അമ്മായിയമ്മ പുറത്താക്കി. അന്ന് ഭർത്താവിന്റെ കൂടെ അയാളുടെ കടയിൽ പോയാണ് രാത്രി കിടന്നത്", വിമി പറഞ്ഞു. 

അമ്മായിയമ്മയുടെ പീ‌‍‍ഡനം സഹിക്കാൻ കഴിയാതെ സ്വ‌ന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു വിമി. തന്റെ സ്വർണവും പണവും കൈവശപ്പെടുത്തി വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നാണ് വിമി പറയുന്നത്. ഭർത്താവ് തന്നെ കഴുത്തിൽ പിടിച്ച് കൊല്ലാൻ നോക്കിയിട്ടുണ്ടെന്നും ദേഹത്ത് കയറിയിരുന്ന് ഉപദ്രവിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട് കേസുകൾ നൽകിയിട്ടുണ്ടെന്നും ആറ്റിങ്ങൽ, കൊല്ലം കോടതികളിൽ കേസ് നടക്കുകയാണെന്നും വിമി പറഞ്ഞു. 

കൊല്ലം കൊട്ടിയം തഴുത്തല പി കെ ജങ്ഷൻ ശ്രീനിലയത്തിൽ ഡി വി അതുല്യയെയും അഞ്ച് വയസ്സുകാരൻ മകനെയുമാണ് ഇന്നലെ വൈകിട്ട് ഭർതൃവീട്ടുകാർ വീടിന് പുറത്താക്കി ​ഗയിറ്റ് അടച്ചത്. നാട്ടുകാരടക്കം കനത്ത പ്രതിഷേധവുമായി രം​ഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി മുഴുവൻ ഇരുവരും വീടിന് പുറത്ത് നിൽക്കേണ്ടിവന്നു. ഇന്ന് രാവിലെ പൊലീസ് എത്തിയപ്പോഴാണ് അമ്മായിയമ്മ വാതിൽ തുറന്നത്. സി‍ഡബ്ല്യൂസി അധികൃതരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂൾബസിൽ നിന്ന് മകനെ വിളിക്കാൻ പോയതാണ് അതുല്യ."അഞ്ച് മിനിറ്റ് എടുത്തതേ ഒള്ളു. ഞാൻ ചെന്നു കുഞ്ഞിനെയും കൂട്ടി വീട്ടിലേക്കുവന്നു. ഗെയിറ്റിനടുത്തെത്തിയപ്പോൾ രണ്ട് ഗെയിറ്റും പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത്. അടുത്തുള്ള കൊട്ടിയം സ്റ്റേഷനിൽ വിവരമറിയിച്ചു. കൊല്ലം സിറ്റി കമ്മീഷ്ണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നിൽ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു", അതുല്യ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com