'ബബിയ മന്ദിരം'; മുതലയ്ക്ക് സ്മാരകം നിര്‍മ്മിക്കും, യാത്രയാക്കാന്‍ എത്തിയത് വന്‍ ജനക്കൂട്ടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th October 2022 06:36 AM  |  

Last Updated: 11th October 2022 06:38 AM  |   A+A-   |  

babiya

ബബിയ മുതല, സംസ്‌കാര ചടങ്ങ്



കാസര്‍കോട്: കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല 'ബബിയ'യെ യാത്രയാക്കാനെത്തിയത് നൂറുകണക്കിന് പേര്‍. ഇന്നലെ ഉച്ചയോടെ ബബിയയുടെ സംസ്‌കാര ചടങ്ങുകള്‍ ക്ഷേത്രപരിസരത്ത് നടത്തി. ഞായര്‍ രാത്രി പത്തോടെ മുതല കുളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് ജീവന്‍ നഷ്ടമായതായി കണ്ടെത്തിയത്. 

ബബിയയുടെ ഓര്‍മയ്ക്കായി ക്ഷേത്രത്തിനു മുന്നില്‍ 'ബബിയമന്ദിരം' സ്മാരകം നിര്‍മിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ബബിയയ്ക്ക് 80 വയസ്സുണ്ടെന്നു പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പ്രായാധിക്യം മൂലം ശനിയാഴ്ച ഉച്ചയോടെയാണു ബബിയയുടെ അന്ത്യം. ഒരു മാസത്തോളമായി മുതല ഭക്ഷണം കഴിക്കുന്നതു കുറവായിരുന്നു. 2 ദിവസം മുന്‍പ് മംഗളൂരുവില്‍ നിന്ന് ഡോക്ടറെത്തി ആരോഗ്യനില പരിശോധിച്ചിരുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു. 

ക്ഷേത്ര ജീവനക്കാര്‍ സസ്യാഹാരങ്ങള്‍ മാത്രമാണ് ബബിയക്ക് നല്‍കിയിരുന്നത്. ക്ഷേത്രത്തിലെ കാര്‍മ്മികന്‍ ചോറുമായി കുളക്കരയിലെത്തിയാല്‍ ബബിയ വെള്ളത്തിനടിയില്‍ നിന്നും പൊങ്ങിവന്ന് ഇട്ടു കൊടുക്കുന്ന ചോറുരുളകള്‍ കഴിക്കും. ക്ഷേത്ര പരിസരം വിജനമായാല്‍ കരക്കു കയറി പ്രധാന വീഥിയിലൂടെ ക്ഷേത്ര മുറ്റത്തും ശ്രീകോവിലിലും മറ്റും ഇഴഞ്ഞെത്തും. ഒരു വര്‍ഷം മുമ്പ് സന്ധ്യാ പൂജ സമയത്ത് ശ്രീകോവിലില്‍ ഇഴഞ്ഞെത്തിയ ബബിയയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

 

ഈ വാര്‍ത്ത കൂടി വായിക്കൂ അച്ഛനരികിലേക്ക് അലംകൃതയും; ആംബുലൻസ് ഇടിച്ച്  ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ