ബുക്ക് ചെയ്ത ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറി; ദമ്പതികൾക്ക് നഷ്ടപരിഹാരം, റെയിൽവേ 95,000 രൂപ നൽകണം

തിരുവനന്തപുരം-ഹൗറ എക്‌സ്പ്രസിൽ പാലക്കാട് ജങ്ഷനിൽ നിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ട്രെയിനിൽ ബുക്ക് ചെയ്ത ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയ സംഭവത്തിൽ ദമ്പതിമാർക്ക് നഷ്ടപരിഹാരം. റെയിൽവേ 95,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പാലക്കാട് ഉപഭോക്തൃ കമ്മിഷന്ന്റെ വിധി. കോഴിക്കോട് സ്വദേശികളായ ഡോ. നിതിൻ പീറ്റർ, ഭാര്യ ഡോ. സരിക എന്നിവർ നൽകിയ പരാതിയിലാണ് വിധി. 

ദക്ഷിണറെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ തുടങ്ങിയവരെ എതിർകക്ഷിയാക്കിയായിരുന്നു ദമ്പതികളുടെ പരാതി. 2017 സെപ്റ്റംബർ ആറിന് പുലർച്ചെ 12.20-ന് തിരുവനന്തപുരം-ഹൗറ എക്‌സ്പ്രസിൽ പാലക്കാട് ജങ്ഷനിൽ നിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് ദമ്പതികളുടെ ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയത്. 

69, 70 നമ്പർ ബർത്തുകളാണ് നിതിനും സരികയ്ക്കും അനുവദിച്ചിരുന്നത്. പാലക്കാട് ജങ്ഷനിൽനിന്ന് ഇരുവരും കയറിയപ്പോൾ 70-ാം നമ്പർ ബർത്ത് മൂന്ന് അതിഥിത്തൊഴിലാളികൾ കൈയടക്കിയിരുന്നു. ടിടിഇ എഴുതിക്കൊടുത്ത ടിക്കറ്റുണ്ടായിരുന്നതിനാൽ തൊഴിലാളികൾ ബെർത്തിൽനിന്ന് മാറാൻ കൂട്ടാക്കിയില്ല. 69-ാം നമ്പർ ബെർത്ത് ചങ്ങല പൊട്ടിയതിനാൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു. 

പാലക്കാട് സ്റ്റേഷൻ ഫോൺ നമ്പറിൽ പരാതിപ്പെട്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിനാൽ ടിടിഇയെ ബന്ധപ്പെടാനായിരുന്നു നിർദേശം. എന്നാൽ ടിടിഇ യാത്രയിലുടനീളം ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂർത്തിയാക്കേണ്ടിവന്നെന്ന് ദമ്പതിമാർ പരാതിയിൽ പറഞ്ഞു. 

നഷ്ടപരിഹാരത്തുകയിൽ 50,000 രൂപ സമയത്ത് സേവനം ലഭിക്കാത്തതിനാണ്. 25,000 രൂപ വ്യാപാരപ്പിഴയും 20,000 രൂപ യാത്രക്കാർക്കുണ്ടായ മാനസികബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരവുമാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com