തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
By സമകാലികമലയാളം ഡെസ്‌ക് | Published: 17th October 2022 03:27 PM |
Last Updated: 17th October 2022 03:27 PM | A+A A- |

തിരുവനന്തപുരം വിമാനത്താവളം /ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു പാട്ടത്തിനു നല്‍കിയ എയര്‍പോര്‍ട്ട് അതോറിറ്റി നടപടിക്കെതിരെ കേരളവും തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വസ്തുതകള്‍ പരിശോധിച്ചാണ് എയര്‍പോര്‍ട്ട് കൈമാറ്റം ഹൈക്കോടതി ശരിവച്ചതെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസി ലേലത്തില്‍ പങ്കെടുത്തതാണ്. യാത്രികര്‍ക്കു 168 രൂപയാണ് കെഎസ്‌ഐഡിസി മുന്നോട്ടുവച്ച തുക. മുന്നില്‍ എത്തിയ ലേലത്തുകയേക്കാള്‍ 20 ശതമാനം കുറവാണിത്. അതിനാലാണ് കെഎസ്‌ഐഡിസി ലേലത്തില്‍ പിന്തള്ളപ്പെട്ടുപോയതെന്ന ഹൈക്കോടതി വിലയിരുത്തല്‍ സുപ്രീം കോടതി എടുത്തു പറഞ്ഞു.
സ്വകാര്യ ഉടമസ്ഥത വരുന്നതോടെ സേവന വ്യവസ്ഥകള്‍ ബാധിക്കപ്പെടുമെന്ന തൊഴിലാളി യൂണിയനുകളുടെ ആശങ്കയും കോടതി തള്ളി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റു വിമാനത്താവളങ്ങളിലേക്കു മാറാം എന്ന നിര്‍ദേശം തൊഴിലാളികള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നെന്ന് കോടതി പറഞ്ഞു.
2021 ഒക്ടോബര്‍ മുതല്‍ സ്വകാര്യ കമ്പനിയാണ് വിമാനത്താവളം നടത്തുന്നത്. അതുകൊണ്ടുതന്നെ ഹര്‍ജിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് കോടതി അറിയിച്ചു. അതേസമയം സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം നിലനില്‍ക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഗവര്‍ണര്‍ക്ക് ഇത്തരം ഒരു അധികാരവുമില്ല, പുറത്തുവന്നത് രാഷ്ട്രീയം; രാഷ്ട്രപതി ഇടപെടണം'
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ