'കെഎം ബഷീറിന്റെ കൊലപാതകം മനപൂര്‍വ്വമല്ലാത്ത നരഹത്യയായി മാറിയത് പൊലീസിന്റെ ബോധപൂര്‍വ്വമായ വീഴ്ച': എഐവൈഎഫ്

കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കിയ കോടതി വിധിയില്‍ പൊലീസിന് വീഴ്ച ആരോപിച്ച് എഐവൈഎഫ്
എഐവൈഎഫ് പതാക, ശ്രീറാം വെങ്കിട്ടരാമന്‍
എഐവൈഎഫ് പതാക, ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കിയ കോടതി വിധിയില്‍ പൊലീസിന് വീഴ്ച ആരോപിച്ച് എഐവൈഎഫ്. 'കെഎം  ബഷീറിന്റെ കൊലപാതകം മനപൂര്‍വ്വമല്ലാത്ത നരഹത്യയായി മാറിയത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ബോധപൂര്‍വ്വമായ വീഴ്ച മൂലം' എന്ന് എഐവൈഎഫ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 

'കെ എം ബഷീറിന് നീതി ഉറപ്പാക്കണം. രക്ത പരിശോധന ബോധപൂര്‍വ്വം വൈകിപ്പിച്ച് തെളിവ് നശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരും ശ്രീരാംവെങ്കിട്ടറാം ഐഎഎസും കുറ്റക്കാര്‍. കറ്റക്കാരനും, അന്വേഷണം അട്ടിമറിച്ചു കുറ്റവാളിയെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി എടുക്കണം' എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

കേസില്‍ ശ്രീറാമിനെതിരെ 304 (2) വകുപ്പ് ആണ് പൊലീസ് ചുമത്തിയിരുന്നത്. 304 (2) അനുസരിച്ച് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാല്‍ അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടമരണത്തിന് ഇടയാക്കുന്ന 304 (എ) വകുപ്പ് ആയി കോടതി മാറ്റി. 304 (എ) അനുസരിച്ച് രണ്ടുവര്‍ഷം വരെയാണ് ശിക്ഷ.

അപകടകരമായി വാഹനം ഓടിച്ചതിനുള്ള 279 വകുപ്പും മോട്ടര്‍വാഹന നിയമത്തിലെ 184 വകുപ്പും നിലനില്‍ക്കും. വഫയ്‌ക്കെതിരെ 184 വകുപ്പ് മാത്രമാണുള്ളത്. പ്രതികളുടേത് അറിഞ്ഞുകൊണ്ടുള്ള ക്രൂരതയാണെന്നും അമിതവേഗം അപകട കാരണമായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വെമ്പായം എ എ ഹക്കിം വാദിച്ചു.

എന്നാല്‍ മദ്യപിച്ച് വാഹനം ഓടിച്ചത് തെളിയിക്കാനാവശ്യമായ രേഖകളൊന്നും അന്വേഷണസംഘത്തിന് ഹാജരാക്കാനായില്ലെന്ന് ശ്രീറാം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം തുടക്കം മുതലേ വൈദ്യപരിശോധന വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷന്‍ പറഞ്ഞു. 10 മണിക്കൂറിന് ശേഷമാണ് ശ്രീറാം വൈദ്യപരിശോധനയ്ക്ക് സമ്മതിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com