ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും സഹോദരനും സ്‌റ്റേഷനില്‍ കയറി പൊലീസിനെ മര്‍ദിച്ചെന്ന കേസ് വ്യാജം; മൂന്നു പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതികളെ കാണാന്‍ വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും സഹോദരനും പൊലീസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജം
പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സഹോദരങ്ങള്‍
പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സഹോദരങ്ങള്‍


കൊല്ലം: കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതികളെ കാണാന്‍ വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും സഹോദരനും പൊലീസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജം. മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരനുമായുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ വ്യാജകേസ് കെട്ടിച്ചമച്ചതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മൂന്നു പൊലീസുകാരെ സ്ഥലം മാറ്റി. കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണ് എന്ന് കണ്ടെത്തിയത്. കൊറ്റങ്കര സ്വദേശി വിഘ്‌നേഷിനും സഹോദരന്‍ വിഷ്ണുവിനുമാണ് മര്‍ദനമേറ്റത്. 

ആഗസ്റ്റ് മാസം 25 ന് പിടികൂടിയ എംഡിഎംഎ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കൊറ്റങ്കര സ്വദേശികളായ വിഷ്ണു, വിഘ്‌നേഷ് എന്നിവര്‍ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പ്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതികളെ ജാമ്യത്തിലിറക്കാന്‍ ആവശ്യപ്പെട്ട് സ്‌റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠന്‍ വിഘ്‌നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. എംഡിഎംഎ കേസില്‍ ജാമ്യം നില്‍ക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായ വിഘ്‌നേഷ് പറഞ്ഞു. വിഘ്‌നേഷിനെ അന്വേഷിച്ചെത്തിയ സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക് സ്‌റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐ പ്രകാശ് ചന്ദ്രനുമായി തര്‍ക്കമുണ്ടായി. പ്രകാശ് ചന്ദ്രന്‍ തന്നെ ഇവരെ സ്‌റ്റേഷനിലേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവാക്കള്‍ പറയുന്നത്. 

മര്‍ദനവും വ്യാജ കേസും രണ്ട് യുവാക്കളുടെ ജീവിതമാണ് തകര്‍ത്തത്. സൈനികനായ വിഷ്ണുവിന്റെ വിവാഹം മുടങ്ങി. പൊലീസ് കോണ്‍സ്റ്റബിള്‍ ടെസ്റ്റിന്റെ ശാരീരിക പരീക്ഷയ്ക്ക് ഒരുങ്ങിയിരുന്ന വിഘ്‌നേഷിന് ഇന്നും ശരീര വേദന കൊണ്ട് നേരെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com